തൃശൂര്‍: പത്ത് വര്‍ഷം കണ്ടത് എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാര്‍ത്ഥ വികസനകുതിപ്പ് കാണാന്‍ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ കുന്നംകുളത്ത് എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മലയാള വര്‍ഷാരംഭത്തില്‍ തന്നെ കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വര്‍ഷമായി മാറാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
മഹാമാരികളുടെ വാക്സിനുകള്‍ നമ്മള്‍ സ്വയം നിര്‍മിച്ചു, വിദേശത്ത് പ്രശ്നങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നു. മോദി സര്‍ക്കാര്‍ ഇതുവരെ ചെയ്ത ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കണ്ട് നിങ്ങള്‍ അദ്ഭുതപ്പെട്ടിരിക്കുകയാകും. എന്നാല്‍ ഇതുവരെ നിങ്ങള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. വരുംവര്‍ഷങ്ങളിലാണ് വികസനത്തിന്റെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ കാണാന്‍ പോകുന്നത്- മോദി പറഞ്ഞു.
ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇതിനായുള്ള സര്‍വേ ആരംഭിക്കും. എക്സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകള്‍ വെച്ചുനല്‍കും.
സിപിഎം സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു. കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ മുഖ്യമന്ത്രി നുണ പറയുകയാണ്. പണം നഷ്ടമായവര്‍ക്ക് അത് തിരികെ നല്‍കുമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുഖ്യമന്ത്രി പറയുകയാണ്. എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. പെണ്‍കുട്ടികളുടെ കല്യാണം വരെ മുടങ്ങുന്നു. പാവങ്ങളുടെ പണം തിരികെ ലഭിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എന്തെങ്കിലും പറയുന്നുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കേരളത്തില്‍ വേഗതയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്‍ ഡി എ അധികാരത്തിലെത്തിയാല്‍ കേരളത്തിലെ ഓരോ വീട്ടിലും വെള്ളമെത്തും. എന്‍ ഡി എ രാജ്യം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ കേരളം പിന്നോട്ടു പോകുകയാണ്. ഇത് ഇടതിന്റെ സ്വഭാവമാണ്, അവര്‍ ഭരിച്ചിരുന്ന സ്ഥലങ്ങളെല്ലാം പിന്നോട്ടായി. കേരളവും ആ വഴിക്കാണ്. ദേശീയ പാത വികസനം പോലും വൈകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
