മലയാളികള്‍ ഇന്ന് വിഷു ആഘോഷ നിറവില്‍

ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി മറ്റൊരു വിഷുക്കാലമെത്തി. ഓണം കഴിഞ്ഞാല്‍ മലയാളികളുടെ മറ്റൊരു പ്രധാന ആഘോഷമാണ് മേടമാസത്തിലെ വിഷു. ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും വലുപ്പ – ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും വിഷു ആഘോഷത്തില്‍ മുഴുകും. രാവിലെ മിക്ക ക്ഷേത്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
വിഷു വസന്തകാലത്തിന്റെ ആരംഭത്തെ പ്രതീകപ്പെടുത്തുന്നു. കേരളത്തില്‍ കൊയ്ത്തുത്സവമായും ജ്യോതിഷ പുതുവത്സരമായും വിഷു കണക്കാക്കപ്പെടുന്നുണ്ട്. മേട രാശിയിലേക്കുള്ള സൂര്യന്റെ ചലനത്തെ വിഷു സൂചിപ്പിക്കുന്നു, കൃഷിക്കാര്‍ ഭൂമിയെ ഉഴുതു മറിച്ച് കൃഷിയില്‍ നൂറുമേനി വിളയിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതും വിഷുക്കാലത്താണ്. കണിക്കൊന്നയും കണ്ണനും തമ്മിലുള്ള ബന്ധം വിഷു ദിനത്തില്‍ ഒരുക്കുന്ന വിഷുക്കണിയില്‍ കാണാന്‍ കഴിയും. മഞ്ഞ പട്ടുടുത്ത കണ്ണനും മഞ്ഞയുടെ വസന്തമായ കണിക്കൊന്നയും മനോഹാരിത പകരും. ശ്രീകൃഷ്ണന്‍ നരകാസുരനെ കൊന്ന ദിവസമാണ് വിഷുവെന്നാണ് ഐതീഹ്യമായി പറയുന്നത്. അതിനാല്‍ എത്ര ചെറിയ വിഷുക്കണി ഒരുക്കിയാലും അതില്‍ കൃഷ്ണ വിഗ്രഹം ഉണ്ടാകുമെന്ന് തീര്‍ച്ച. മറ്റൊരു വിശ്വാസമനുസരിച്ച് സൂര്യദേവന്റെ മടങ്ങിവരവായാണ് വിഷു ആഘോഷിക്കുന്നത്.
ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി വിഷുക്കണിയെ കണക്കാക്കുന്നു. കണി എന്നാല്‍ രാവിലെ ഉണര്‍ന്ന് ആദ്യം കാണുന്നത് എന്നാണ് അര്‍ഥം. രാവിലെ ശുഭകരമായ കാഴ്ചകള്‍ കാണുന്നത് ആ ദിവസം ധന്യമാക്കുമെന്നാണ് വിശ്വാസം. വിഷുദിവസം നല്ല സമൃദ്ധമായ കണി കണ്ടാല്‍ ആ വര്‍ഷം മുഴുവനും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാവും എന്ന വിശ്വാസമാണ് വിഷുക്കണി ഒരുക്കുന്നതിന് പിന്നിലെ ഐതിഹ്യം. വിഷു ദിവസം കയ്യില്‍ പണം വന്നു ചേരുന്നത് അടുത്ത വിഷു വരെ ഒരാളിലെയ്ക്കുള്ള പണമൊഴുക്കിനെ സൂചിപ്പിയ്ക്കുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ പ്രായം കുറഞ്ഞ ആളുകള്‍ക്കാണ് സാധാരണ വിഷുക്കൈനീട്ടം നല്‍കാറുള്ളത്. എന്നാല്‍ പുതിയ കാലത്ത് സ്വന്തമായി വരുമാനമുള്ളവര്‍ മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ കൈനീട്ടം നല്‍കാറുണ്ട്.
ഓണം ആഘോഷിയ്ക്കുന്നത് പോലെ തന്നെ രുചികരമായ സദ്യ കൂടി വിഷു ആഘോഷത്തിന്റെ ഭാഗമാണ്. രാവിലെ പ്രഭാത ഭക്ഷണമായി ഇഡലി, സാബാര്‍ എന്നിവയോ മറ്റെന്തെങ്കിലും പ്രാതല്‍ വിഭവങ്ങളോ കഴിയ്ക്കാം. ശേഷം ഉച്ചയ്ക്ക് മുമ്പ് തന്നെ വാഴയിലയില്‍ രുചികരമായ സദ്യ കൂടി കഴിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page