ബംഗളുരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ രണ്ട് പ്രധാനപ്രതികളും അറസ്റ്റിലായി. ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മത്തീന്‍ താഹ, കഫേയില്‍ ബോംബ് വച്ച് രക്ഷപ്പെട്ട മുസാഫിര്‍ ഹുസൈന്‍ ഷാസിബ് എന്നിവരാണ് പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റിലായത്. കൊല്‍ക്കത്തയില്‍ ഇരുവരും ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ച എന്‍ഐഎ സംഘം പശ്ചിമബംഗാള്‍ പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇവരെ വെള്ളിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. കേന്ദ്ര ഏജന്‍സികളും ബംഗാള്‍ പൊലീസും സംയുക്തമായാണ് രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രതികളെ പിടികൂടിയതെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചു. പൂര്‍വ മേദിനിപ്പൂരില്‍ വച്ചാണ് പ്രതികളെ പിടികൂടാനായത്. ബംഗാള്‍ പൊലീസിന്റെ പങ്ക് കേന്ദ്ര ഏജന്‍സികള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഇവര്‍ക്കായി നേരത്തേ എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവരങ്ങള്‍ നല്‍കുന്നതിന് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന സൂചന എന്‍ഐഎയ്ക്ക് ലഭിച്ചത്.
വ്യാജപേരുകളിലായിരുന്നു ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരെക്കുറിച്ചുള്ള വിവരശേഖരണത്തിന് കേരള, കര്‍ണാടക പൊലീസും സജീവസഹായം നല്‍കിയതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാര്‍ച്ച് 1 നാണ് ബംഗളുരുവിലെ ബ്രൂക്ക് ഫീല്‍ഡില്‍ ഉള്ള രാമേശ്വരം കഫേയില്‍ ബോംബ് സ്‌ഫോടനം നടന്നത്.
