സ്വര്‍ണവില 53,000ത്തിലേക്ക്; വീണ്ടും സര്‍വകാല റെക്കോഡില്‍; വില 52,960 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈമാസം ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
മാര്‍ച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കേന്ദ്ര ബാങ്കുകള്‍ അടക്കം വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധന തുടരാന്‍ കാരണമാകുന്നു. വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വര്‍ണത്തോടുള്ള താല്‍പര്യവും വിലവര്‍ധനക്ക് ഇടയാക്കുന്നുണ്ട്. ചൈന സെന്‍ട്രല്‍ ബാങ്ക് മാര്‍ച്ചില്‍ മാത്രം 1.6 ലക്ഷം ട്രോയി ഔണ്‍സ് (50 ലക്ഷം ഗ്രാം) സ്വര്‍ണമാണ് വാങ്ങിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page