കാസര്‍കോട്: നീലേശ്വരം ചാത്തമത്ത് റേഷന്‍കട ഉടമയുടെ വീട്ടുവളപ്പിലെ കുഴിയില്‍ 20 ചാക്ക് റേഷന്‍ അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്യങ്കോട് ചീറ്റക്കാല്‍ റേഷന്‍ കട നടത്തുന്ന വി.രാജീവാക്ഷന്റെ വീട്ടുവളപ്പിലെ ഉപേക്ഷിക്കപ്പെട്ട കുഴിയിലാണ് റേഷനരി കണ്ടെത്തിയത്. ചേനംകുന്ന് പുതിയറക്കാല്‍ റോഡ് പരിസരത്താണ് രാജീവാക്ഷന്റെ വീട്. വാഹനത്തിലെത്തിച്ച അരി റോഡിലും മറ്റും ചിതറി വീണത് കണ്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുഴിയില്‍ ചാക്കു കണക്കിന് റേഷനരി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം സുള്‍ഫിക്കര്‍ അറിയിച്ചു.
