
ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേര്‍ന്നു. സ്നേഹം പങ്കുവെക്കലിന്റെ ആഘോഷംകൂടിയാണ് പെരുന്നാള്‍.
പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ചും ഈദ്ഗാഹുകളില്‍ പങ്കെടുത്തും കുടുംബവീടുകളില്‍ സ്‌നേഹ സന്ദര്‍ശനം നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളൊരുക്കിയുമെല്ലാമാണ് വിശ്വാസികള്‍ ഈദ് ആഘോഷിക്കുക.
സഹനത്തിന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞെത്തുന്ന ആഘോഷത്തിന്റെ മറ്റൊരു പകല്‍. അടുക്കളയില്‍ ബിരിയാണി മണം, ഉച്ച വിരുന്നു വിഭവ സമൃദ്ധം.
അതേസമയം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ രംഗത്തെത്തി. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഒമാനിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതോടെ യുഎഇ ഉള്‍പ്പടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും ഒന്നിച്ച് പെരുന്നാള്‍ ആഘോഷിക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് ഈദ് ഗാഹുകള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കി.

കാസര്‍കോട് നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ നേതൃത്വം നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പള്ളി ഭാരവാഹികള്‍, ജമാഅത്ത് അംഗങ്ങള്‍ പ്രര്‍ഥനയില്‍ പങ്കെടുത്തു. തളങ്കര മാലിക് ദീനാര്‍ വലിയജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പുലിക്കുന്ന് വിസ്ഡം ദവാ മസ്ജിദിന്റെ നേൃത്വത്തില്‍ നടന്ന ഈദ്ഗാഹിന് ഹാഫീസ് കെടി സിറാജ് നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈദ്ഗാഹുകള്‍ നടന്നു.
കാസര്‍കോട്ടെ പെരുന്നാള്‍ നിസ്‌ക്കാരം കാരവല്‍ മീഡിയ യൂട്യൂബ് ചാനലിലൂടെ കാണാവുന്നതാണ്.
https://youtu.be/-VymlDQhQJ4