42 വർഷമായി ഇച്ചിലങ്കോട് പച്ചമ്പള കൽപ്പാറയിൽ പ്രവർത്തിക്കുന്ന ജലസേചന മോട്ടോറിന്റെ വൈദ്യുതി ഫ്യൂസ് കെഎസ്ഇബി ഊരിക്കൊണ്ടുപോയി: 500 ഏക്കർ സ്ഥലത്തെ കൃഷി പ്രതിസന്ധിയിൽ

കാസർകോട്: 500 ഏക്കറിൽ പരം കൃഷി സ്ഥലത്ത് 42 വർഷമായി ജലസേചനത്തിന് ഉപയോഗിക്കുന്ന മോട്ടോറിന്റെ ഫ്യൂസ് അഞ്ചുദിവസം മുമ്പ് കെഎസ്ഇബി ബോഡോടെ ഇളക്കിയെടുത്തു കൊണ്ടുപോയി. ഇതോടെ ഇച്ചിലങ്കോട്, കൽപ്പാറ പച്ചമ്പള, ഉളുവാർ, ബംമ്പ്രാണ വയൽ തുടങ്ങിയ സ്ഥലങ്ങളിലെ ഹരിതാഭ പകർന്നു നിന്നിരുന്ന സ്ഥലം കടുത്ത വേനലിൽ ഇപ്പോൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇച്ചിലങ്കോട് പച്ചമ്പള കൽപ്പാറയിൽ സ്ഥാപിച്ച മോട്ടോർ ഉപയോഗിച്ച് ഷിറിയ പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുകയും അത് ചാലു കീറി ഈ പ്രദേശങ്ങളിലെ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുകയും ആയിരുന്നു. 42 വർഷമായി പമ്പിങ്ങിനു വേണ്ടി വരുന്ന വൈദ്യുതി ചാർജ് സർക്കാരും കൃഷിഭവനും ആണ് നൽകിക്കൊണ്ടിരുന്നത്. ഇപ്പോൾ ജീവനക്കാരും സർക്കാരും ചേർന്നുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി നിർത്തലാക്കിയതെന്ന് പറയുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് ഈ പ്രദേശങ്ങളിലെ 500ൽ പരം സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്. വരൾച്ച തുടരുകയും ജലസേചനം നിലയ്ക്കുകയും ചെയ്താൽ കൃഷി നശിക്കും എന്ന് ഉറപ്പാണ്. അത് ഈ പ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കും എന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page