മുന്നറിയിപ്പില്ല; കുമ്പള കഞ്ചിക്കട്ട പാലം പൂർണ്ണമായി അടച്ചു

കാസർകോട്: കുമ്പള -കഞ്ചിക്കട്ട പാലം പൂർണമായി അടച്ചു. നാലുവർഷം മുമ്പ് പാലം അപകടാവസ്ഥയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. തുടർന്ന് പുതിയ പാലം നിർമ്മിക്കുന്നതിന് മണ്ണ് പരിശോധന നടത്തി. പിന്നീട് നാലുവർഷം അധികൃതർ ബോർഡ് നോക്കിയിരുന്നു. നാല് മാസം മുമ്പ് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ റോഡ് പൂർണമായി അടച്ചുകൊണ്ട് ഉത്തരവിട്ടു. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബസ് ഒഴികെ മറ്റു വാഹനങ്ങൾ പാലത്തിലൂടെ തന്നെ സർവീസ് നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞമാസം അധികൃതർ പാലം പൂർണ്ണമായി അടയ്ക്കാൻ ശ്രമം നടത്തി. ഈ ശ്രമം നാട്ടുകാർ തടഞ്ഞു. മാർച്ച് മാസത്തിൽ സ്കൂൾ പരീക്ഷകൾ നടക്കുന്നതിനാൽ പരീക്ഷ കഴിയുന്നതുവരെ പാലം വഴി സഞ്ചരിക്കാൻ അനുമതി നൽകണമെന്ന് അധികൃതരോട് അവർ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി പരീക്ഷ കഴിയുന്നതുവരെ ഓട്ടോയും ബൈക്കും പാലത്തിലൂടെ ഓടിക്കുന്നതിന് അധികൃതർ അനുമതിനൽകുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ എത്തി പാലം കോൺക്രീറ്റ് ചെയ്തു പൂർണമായി അടച്ചു. കഞ്ചിക്കട്ട, മളി, താഴെകൊടിയമ്മ, ചൂരിത്തടുക്ക എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇനി കുമ്പളയിൽ എത്താൻ ആരിക്കാടി വഴി സഞ്ചരിക്കണം. ഇത് നാട്ടുകാർക്ക് വലിയ യാത്ര ദുരിതം ഉണ്ടാക്കിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പാലം അടക്കുമെന്ന് ഉറപ്പായിട്ടും താൽക്കാലിക യാത്രാ സൗകര്യമുണ്ടാക്കാൻ പഞ്ചായത്ത് ശ്രമിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധമുളവാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page