കാസര്‍കോട്: പൂഴികടത്തിന് പുഴയിലെ പൂഴി മതിയാവാതായതോടെ ഷിറിയ കടല്‍ത്തീരത്തും മണലൂറ്റല്‍ വ്യാപകമായിരിക്കുന്നു. ഷിറിയ ഒളയം അടുക്ക വീരനഗര്‍ എന്നിവിടങ്ങളിലെ 13 അനധികൃത കടവുകളില്‍ നിന്നും കടല്‍ത്തീരത്തു നിന്നും അനധികൃതമായി ശേഖരിക്കുന്ന പൂഴി ടിപ്പറില്‍ കയറ്റി ഇച്ചിലങ്കോട് ഒളാക്ക് റോഡിലെ ഒഴിഞ്ഞ പറമ്പില്‍ കൂട്ടയിടുന്നു. ശേഷം രാത്രികാലങ്ങളില്‍ ടോറസ് ലോറികളില്‍ മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. പൂഴി കടത്തുമായി ബന്ധപ്പെട്ടവരെ നാട്ടുകാര്‍ക്ക് അറിയാമെങ്കിലും അവരെക്കുറിച്ച് അധികൃതരോട് പറയാന്‍ എല്ലാവരും ഭയക്കുന്നു. മണല്‍ മാഫിയയുടെ പ്രത്യേക അധോലോക സംഘം കഞ്ചാവടിച്ച് കത്തിയുമായി ഭീഷണി ഉയര്‍ത്തി നടക്കുന്നത് മൂലം അത് സംബന്ധിച്ചു ഒന്നും പറയാന്‍ നാട്ടുകാര്‍ തയ്യാറാവുന്നില്ല. പൂഴി മാഫിയയ്ക്കു അധോലോക സംഘത്തിന് പുറമേ സംഘത്തിന്റേതായി പ്രധാന ജംങ്ഷനുകളിലും പൊലീസ് സ്റ്റേഷന്‍ പരിസരത്തും എന്തിന് പൊലീസ് സ്റ്റേഷനുള്ളില്‍ പോലും രഹസ്യ- എസ്‌കോര്‍ട്ട് സംഘങ്ങളുണ്ടെന്നു സംസാരമുണ്ട്. കുമ്പള പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ മണല്‍ കടത്തു വേട്ടക്കിറങ്ങുമ്പോള്‍ തന്നെ വിവരം പുഴികടത്തു മാഫിയയ്ക്കു ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥ സംഘം കാസര്‍കോട്ടു പോകുന്നു എന്ന് സ്റ്റേഷനില്‍ അറിയിച്ച ശേഷമാണ് ഈ ഭാഗത്തേക്ക് വാടക വാഹനത്തില്‍ റെയ്ഡിന് പോകുന്നതെന്ന് സംസാരമുണ്ട്. അത്തരം റെയ്ഡില്‍ അടുത്തിടെ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 20 ഓളം ടിപ്പറുകള്‍ പിടികൂടിയിട്ടുണ്ട്.
