ഇടുക്കി: വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കടന്നു പിടിച്ച പതിനാറുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതിയായ 30 കാരിയാണ് അതിക്രമത്തിന് ഇരയായത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഭര്‍ത്താവ് ജോലിക്കു പോയതിനാല്‍ യുവതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വൈകുന്നേരം അഞ്ചര മണിയോടെ വീട്ടുമുറ്റത്ത് നിന്ന് വിളിക്കുന്നത് കേട്ട് ഭര്‍ത്താവാണെന്ന് കരുതിയാണ് യുവതി വാതില്‍ തുറന്നത്. ഉടന്‍ തന്നെ മുഖത്തേക്ക് മുളക് പൊടി വലിച്ചെറിഞ്ഞ പ്രതി കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞടിക്കുകയും പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു നിമിഷം അമ്പരന്ന് പോയ യുവതി മനോബലം തിരിച്ചുപിടിച്ച് അക്രമിയെ പ്രതിരോധിച്ചു. തുടര്‍ന്ന് ശക്തമായ മല്‍പ്പിടുത്തം ഉണ്ടായി. കീഴ്പ്പെടുത്താനാവില്ലെന്ന് ഉറപ്പിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് വിവരം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമത്തിനു പിന്നില്‍ 16 കാരനാണെന്നു വ്യക്തമായത്. കസ്റ്റഡിയിലായ 16 കാരന്‍ കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നോട്ടീസ് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.