കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സുപ്രധാന നീക്കവുമായി ഇ ഡി; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ബുധനാഴ്ച ഹാജരാകണം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സുപ്രധാനനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യം.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം. പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എം.എം. വർഗീസിനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം. വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്.
മുൻ മന്ത്രി എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി. നോട്ടീസ് അയച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎം ഉന്നതനേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്. കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ട്. അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബൈലോയും സഹകരണ നിയമവും പറയുന്നത്. എന്നാല്‍ അക്കാര്യം പാലിച്ചിട്ടില്ല. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനും ആർബിഐ ഉൾപ്പെടെയുള്ളവർക്കും ഇ.ഡി. കൈമാറിയിട്ടുണ്ട്.കരുവന്നൂർ കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്വേഷണം മന്ദഗതിയിലായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്വേഷണം വീണ്ടും ഇ.ഡി. ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിൽ കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചപ്പോഴും കരുവന്നൂർ വിഷയം എടുത്ത് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും, ധനമന്ത്രാലയത്തിന്‍റെയും, റിസര്‍വ് ബാങ്കിന്‍റെയും നിലപാട് കരുവന്നൂരിലെ ഇഡി അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page