കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു.
ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപിക, രാധിക, ഖദീജ, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എന്താണ് ജപ്പാന്‍ ജ്വരം?
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാന്‍ ജ്വരം അഥവാ ജാപ്പനീസ് എന്‍സെഫാലിറ്റിസ്. 1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1956-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി (തമിഴ് നാട്ടില്‍) ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു തരം വൈറസാണ് രോഗകാരണം. പകരുന്നത് ക്യൂലെക്‌സ് കൊതുകു വഴിയും. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. ഈഡിസ് ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുമ്പോള്‍ ക്യൂലെക്‌സ് കൊതുകുകള്‍ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്.
ശക്തമായ പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനവും ഛര്‍ദിയും ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ഛിച്ചാല്‍ മരണവും സംഭവിക്കാം.







