കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സില്‍ ശുദ്ധസംഗീതത്തിന്റെ തേന്‍മഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാള്‍. യേശുദാസിനൊപ്പം തുടങ്ങിവെച്ച ഗാന സപര്യ ഇന്നും അനസ്യൂതം തുടര്‍ന്നു പോകുന്നു. ഗായികമാര്‍ പലരും മലയാളത്തില്‍ വന്നുപോയെങ്കിലും ഒരിക്കലും ഇഷ്ടം തീരാത്തൊരു പ്രണയസ്വരമായി സുജാതയെ നാം എന്നും കേള്‍ക്കുന്നു.
ബേബി സുജാതയില്‍ നിന്നും സുജാത മോഹനിലേക്കുള്ള പ്രയാണത്തില്‍ സംഗീതാസ്വാദകര്‍ നിര്‍ലോഭം നെഞ്ചിലേറ്റിയ എത്ര മനോഹര ഗാനങ്ങള്‍ക്ക് അവര്‍ ശാരീരിമേകി. 1975ല്‍ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. ചിത്രത്തില്‍ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഗാനത്തില്‍ നിന്നും പിന്നീട് ജനകീയമായ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സ്വരലാവണ്യ മേകി മലയാളികളോളം ആ ഗായികയുടെ ഖ്യാതിയുടെ ഗ്രാഫ് ഉയര്‍ന്നുകൊണ്ടേയിരുന്നു. അതേ വര്‍ഷം ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ… എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും പ്രിയ ഗായികയാണ് സുജാത….
1963 മാര്‍ച്ച് 31 ന് ഡോക്ടര്‍ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായാണ് ജനനം. ഒരു ഡോക്ടര്‍ കുടുംബത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തെ അത്രയേറെ ഉപാസിച്ച് നന്നേ ചെറുപ്പത്തില്‍ തന്നെ സംഗീത സദസുകളില്‍ ഒരു കൊച്ചു പ്രതിഭയുടെ സ്വരവൈഭവത്തില്‍ നാളെയുടെ വാനമ്പാടി ആവാനുള്ള തയ്യാറെടുപ്പിലായിരുന്നു ബേബി സുജാത എന്ന വിസ്മയം. ഇളയരാജയുടെ സംഗീതത്തില്‍ ‘കവികുയില്‍’ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് ചേക്കേറിയത്. റോജയിലെ ‘പുതുവെള്ളൈ മഴൈ’എന്ന പാട്ടിലൂടെ സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടി. പൂ പൂക്കും ഓസായ് എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹതയായിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയ സുജാത, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം നാല് തവണയും നേടിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം മൂന്ന് തവണയും സ്വന്തമാക്കി. എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു…. വരമഞ്ഞളാടിയ രാവിന്റെ മാറില്‍… എന്ന് പ്രണയാര്‍ദ്ര സൗകുമാരിയത്തില്‍ പാടിയ സുജാതയുടെ മാസ്റ്റര്‍ പീസുകള്‍ നിരവധി…പതിറ്റാണ്ടുകളായി മലയാളി ഹൃദയങ്ങളില്‍ മധു പൊഴിക്കുന്ന ഭാവഗായിക ഇനിയും ചലച്ചിത്ര മേഖലയെ സംഗീതസാന്ദ്രമാക്കട്ടെ…
