വാതിലും ഭിത്തികളും മേല്‍ക്കൂരയുമില്ലാത്ത വീട്; പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കെട്ടിട നികുതി 279 രൂപ; നികുതി അടച്ചില്ലെങ്കില്‍ 1994 ലെ പഞ്ചായത്ത് ആക്ട് ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തല്‍

കാസര്‍കോട്: മുകളിലാകാശം, താഴെ ഭൂമി ഇവയ്ക്കിടയില്‍ ചൂടുകൊണ്ട് ഉണങ്ങി പൊടിഞ്ഞു പോയ ഈര്‍ക്കിലുകള്‍ക്കുമുകളില്‍ ഒപ്പിച്ചുവച്ച പ്ലാസ്റ്റിക് അതും വേനലില്‍ പൊടിഞ്ഞുകൊണ്ടിരിക്കുന്നു.
ഇതാണ് പുല്ലൂര്‍ -പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡായ താന്നിയോട്ട് കനിയംകുണ്ടിലെ മധു- ശ്യാമള ദമ്പതികളുടെ വീട്. ഈ വീടിന് ചുറ്റും ഭിത്തിയില്ല. പലഭാഗത്തും മൂലഭാഗം ഒഴികെയുള്ള ഭാഗങ്ങള്‍ വെറുതെ ഇട്ടിരിക്കുന്നു. ചിലേടത്ത് ആഭാഗങ്ങള്‍ ഓലവച്ചു മറച്ചിരിക്കുന്നു. വീടിനു വാതിലില്ല. ജനലുമില്ല. കക്കൂസില്ല. കുളിമുറിയില്ല. ഈ വീടിന് നല്ലവരായ പുല്ലൂര്‍ -പെരിയ പഞ്ചായത്ത് 279 രൂപ കെട്ടിട നികുതിയടക്കാന്‍ നോട്ടീസയച്ചിരിക്കുന്നു. ഇത് ഒരു വര്‍ഷത്തെ നികുതിയല്ല. അര്‍ധവാഷീക നികുതിയാണ്. നിശ്ചിത ദിവസത്തിനകം നികുതി അടച്ചില്ലെങ്കില്‍ വീട്ടിനുള്ളിലെ ജംഗമസ്വത്തുക്കള്‍ എടുത്തുകൊണ്ടുപോവുമെന്നു മുന്നറിയിപ്പുമുണ്ട്. മാത്രമല്ല, അങ്ങനെ വന്നാല്‍ അതിനുള്ള ചെലവും മധു- ശ്യാമള ദമ്പതികള്‍ വഹിക്കണം. ഇല്ലെങ്കില്‍ 1994 -ലെ പഞ്ചായത്ത് ആക്ട് 13-ാം വകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
നീലേശ്വരത്തിനടുത്തെ മടിക്കൈ പഞ്ചായത്താണ് ഇവരുടെ ജന്മനാട്. മധു തേപ്പുപണിക്കാരനായിരുന്നു. ഒപ്പം അപസ്മാര രോഗവുമുണ്ട്. ഒരിക്കല്‍ ജോലിക്കിടയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു. ചികിത്സക്കു അവിടെ സ്വന്തമായുണ്ടായിരുന്ന കിടപ്പാടം വിറ്റു. ഒന്നുമില്ലാത്തവര്‍ക്കു ദൈവസഹായം ലഭിക്കുമെന്ന വിശ്വാസം പോലെ പെരിയ കനിയംകുണ്ടിലെ പാറപ്രദേശത്ത് ഇവര്‍ തലചായ്ക്കാനൊരു കുടില്‍ കെട്ടി. 20 വര്‍ഷമായി അവിടെ അന്തിയുറങ്ങുന്നു. മധു അസുഖബാധിതനായതോടെ അദ്ദേഹം ചെയ്തിരുന്ന കല്ലുകെട്ടും തേപ്പു പണിയും ശ്യാമള ചെയ്തു തുടങ്ങി. ഒപ്പം ടൈല്‍സ് പാകുന്ന പണിയും ചെയ്തു. മറ്റു പ്രദേശങ്ങളില്‍ നിന്നു തൊഴില്‍ തേടി എത്തുന്നവരുടെ തള്ളിക്കയറ്റത്തിനിടയില്‍ ആ ജോലികളില്‍ നിന്നു ക്രമേണ ഇവര്‍ക്കു പിന്മാറേണ്ടി വന്നു. ഇപ്പോള്‍ മനുഷ്യസ്നേഹികളുടെ കരുണയില്‍ നീലേശ്വരത്ത് റോഡരുകില്‍ ഭക്ഷണശാല നടത്തുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് ഹോട്ടലിലേക്കു പോവും. പുലരും മുമ്പു ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യും. പിന്നെ ഉച്ചഭക്ഷണങ്ങള്‍ ശരിയാക്കി വിതരണം ചെയ്യും. പിറ്റേ ദിവസവും ഇതാവര്‍ത്തിക്കുന്നതിന് രാത്രി ഇരുവരും വീട്ടിലെത്തും. ബീഡി തെറുപ്പ്, തൊഴിലുറപ്പു പദ്ധതി, റബ്ബര്‍ ടാപ്പിംഗ് തുടങ്ങി ഇവര്‍ ചെയ്യാത്ത പണികളൊന്നുമില്ല. ദിവസം 100 രൂപ പ്രതിഫലമേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ. വീട്ടില്‍ ഉറക്കത്തിനിടയില്‍ ചിലപ്പോള്‍ പാമ്പുകളും നായ്ക്കളുമൊക്കെ തങ്ങളുടെ അടുത്തു വന്നു കിടക്കുമെന്ന് അവര്‍ പറയുന്നു. പക്ഷെ അതു പഞ്ചായത്തിനെയും അധികൃതരെയും പോലെ ഒന്നുമല്ല. അവയെ അക്രമിച്ചാലേ അവ പ്രത്യാക്രമണം ചെയ്യൂ. ആരോടും ഒന്നിനോടും പരിഭവമില്ലാത്ത മധുവും ശ്യാമളയും പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽ പറമ്പ് സ്വദേശിയെ തെരയുന്നു

You cannot copy content of this page