കെജ്രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്രിവാള്‍; വേണ്ടെന്ന് ജനക്കൂട്ടം; ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ആരംഭിച്ചു

കെജ്രിവാളിന്റെ അറസ്റ്റില്‍ ഉള്‍പ്പടെ പ്രതിഷേധിച്ച് ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ആരംഭിച്ചു. മോദി സര്‍ക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയില്‍ അണി നിരന്ന് 28 പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാര്‍, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവര്‍ക്കൊപ്പം കെജ്രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയില്‍ സന്നിഹിതരായി. ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ സന്ദേശം സുനിത വായിച്ചു.
ഒരു കാരണവുമില്ലാതെയാണ് കെജ്രിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതിവേണമെന്നും വേദിയിലെത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു. കെജ്‌രിവാള്‍ സത്യസന്ധനും ദേശഭക്തനുമാണെന്ന് പറഞ്ഞ സുനിത കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനക്കൂട്ടത്തോട് ചോദിച്ചു. വേണ്ടെന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.
രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്ന് ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. ബിജെപിക്ക് ഒപ്പമുള്ള പാര്‍ട്ടികള്‍ക്കെതിരെ അന്വേഷണമില്ല. ബിജെപി അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടിയാണ്. രാജ്യം കെജ്രിവാളിന് ഒപ്പമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ ദുഷ്പ്രചരണം നടത്തുന്നുവെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കള്‍ അഴിമതിക്കാരാണെന്ന് പ്രചരിപ്പിക്കുന്നു. രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മോദിക്ക് കര്‍ഷകരെ കാണാന്‍ സമയമില്ല, പ്രിയങ്ക ചോപ്രയെ കാണാന്‍ സമയമുണ്ടെന്നാണ് തേജസ്വി യാദവ് വിമര്‍ശിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടം. ജനതയാണ് മുതലാളി. എത്ര പേര്‍ക്ക് മോദി തൊഴില്‍ നല്‍കി. മോദി ആര്‍ക്കും തൊഴില്‍ നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികളെ ബിജെപി ദുപയോഗം ചെയ്യുന്നു. മോദിയുടെ ഗാരണ്ടി ചൈനീസ് ഉല്‍പ്പന്നം പോലെയാണെന്നും തേജസ്വി യാദവ് പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page