പത്തനംതിട്ട: അടൂര്‍, പട്ടാഴിമുക്കില്‍ മാര്‍ച്ച് 28ന് രാത്രി 11.30ന് കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട യുവതി-യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ ആലപ്പുഴ നൂറനാട് സ്വദേശിനി അനുജ (38), ചാരുംമൂട്, പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരായിരുന്നു മരിച്ചത്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്നു അനുജ. മടക്കയാത്രക്കിടയില്‍ അനുജ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഹാഷിം തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ മൊഴി. തങ്ങള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് അനുജ പറഞ്ഞിരുന്നതായി സഹഅധ്യാപിക പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിനു പോയതാണെങ്കില്‍ എന്തിനാണ് വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാറില്‍ കയറ്റിയ ശേഷം ഹാഷിം കാര്‍ അമിത വേഗതയില്‍ ഓടിച്ച് ഏഴംകുളം, പാട്ടാഴിമുക്കില്‍ വെച്ച് എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇരുവരും തല്‍ക്ഷണം മരിച്ചു.
അനുജയും ഹാഷിമും ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറിനകത്തു കുടുങ്ങിയ അനുജയേയും ഹാഷിമിനെയും സാഹസികമായാണ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്.
