കാസര്‍കോട്: ഉപ്പള ടൗണിലെ എ ടി എമ്മില്‍ നിറയ്ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികളും മറ്റും താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്നു വെളുപ്പിനുവരെ നീണ്ടു നിന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ആള്‍ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഉപ്പള ടൗണിലെ ആക്സിസ് ബാങ്കിന്റെ എ ടി എമ്മില്‍ നിറയ്ക്കുന്നതിനു പണവുമായി എത്തിയതായിരുന്നു മുംബൈയിലെ സ്വകാര്യ ഏജന്‍സിയുടെ വാഹനം. വാഹനത്തിലെ ഒരു ബാഗില്‍ ഉണ്ടായിരുന്ന 70 ലക്ഷം രൂപയില്‍ നിന്നു 20 ലക്ഷം രൂപ എ ടി എമ്മില്‍ നിറയ്ക്കാനായി രണ്ടു ജീവനക്കാര്‍ കൊണ്ടു പോയി. അവശേഷിച്ച 50 ലക്ഷം രൂപ അടങ്ങിയ ബാഗ് പിന്‍സീറ്റില്‍ വച്ചിരുന്നുവെന്നാണ് പണം എത്തിക്കുന്നതിന്റെ ചുമതല ഉണ്ടായിരുന്ന ഉളിയത്തടുക്കയിലെ ജിതേന്ദ്ര പൊലീസിനു നല്‍കിയ മൊഴി. എടിഎമ്മില്‍ പണം നിക്ഷേപിച്ച് 10 മിനിറ്റിനകം ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് പണം കവര്‍ച്ച ചെയ്ത വിവരം അറിഞ്ഞത്.
വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ചില്ലു തകര്‍ക്കുന്നതിന്റെയും പണം കൈക്കലാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. കവര്‍ച്ചാ സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഒരാള്‍ ചില്ല് തകര്‍ത്ത് പണം കൈക്കലാക്കിയെന്നും രണ്ടാമന്‍ വഴിയില്‍ വച്ച് പണമടങ്ങിയ ബാഗു ഏറ്റുവാങ്ങിയെന്നും മറ്റൊരാള്‍ കാറുമായി അല്‍പ്പം അകലെ കാത്തിരുന്നുവെന്നുമാണ് പൊലീസിന്റെ സംശയം. ബ്രീസാ കാറിലാണ് സംഘം എത്തിയതെന്നു പൊലീസ് സംശയിക്കുന്നു. പണം കൊണ്ടുപോയതില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായതുപോലെ സംഭവം നടന്നതിനു ശേഷം പൊലീസിനും സുരക്ഷാ വീഴ്ച്ച ഉണ്ടായതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ ദേശീയ പാതയും കര്‍ണ്ണാടകയിലേയ്ക്കുള്ള റോഡുകളും ബ്ലോക്ക് ചെയ്ത് വാഹന പരിശോധന നടത്തിയിരുന്നുവെങ്കില്‍ കവര്‍ച്ചക്കാരെ ഇന്നലെ തന്നെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പണം കൊള്ളയടിച്ച സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നതായി സംശയിക്കുന്നു. അതിനാല്‍ അക്രമികളെ കണ്ടെത്താന്‍ കര്‍ണ്ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്തതാണ് ദുരൂഹതയ്ക്ക് കാരണം.