മംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഭർതൃമതിയായ യുവതിക്ക് ദാരുണാന്ത്യം. ബന്ധുവായ യുവാവിന് പരിക്ക്. നടേക്കൽ സ്വദേശി ദീക്ഷിത്തിൻ്റെ ഭാര്യയും ബോണ്ടൽ സ്വദേശിനിയുമായ ശ്രീനിധി (29) ആണ് മരിച്ചത്. വാഹനം ഓടിച്ച
ശ്രീനിധിയുടെ ബന്ധുവായ യതീഷ് ദേവാഡിഗയ്ക്കാണ് ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയോടെ മംഗളൂരു നടേക്കലിന് സമീപമാണ് അപകടം നടന്നത്. മുടിപ്പിലെ ബന്ധുവിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. നടേക്കൽ ഗ്രീൻ ഗ്രൗണ്ടിന് സമീപം റൈഡർക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീനിധി മരണത്തിന് കീഴടങ്ങി. സംഭവത്തിൽ മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.