ഉത്തര കേരളത്തിലെ പൂരോത്സവത്തിന് നാളെ സമാപനമാകും. സമാപനം കുറിച്ച് ശനിയാഴ്ച ക്ഷേത്രങ്ങളിലും കാവുകളിലും പൂരംകുളി ആഘോഷിക്കും. ഭഗവതിമാര്‍ പൂരം കുളിച്ച് മാടം കയറുന്നതോടെ മീനമാസത്തിലെ കാര്‍ത്തിക തൊട്ട് നടക്കുന്ന പുരോത്സവത്തിന് തിരശ്ശീല വീഴും. ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളുമൊക്കെ കുളത്തിലോ പുഴയിലോ കൊണ്ടുപോയി സ്നാനം ചെയ്യിച്ച് ശുദ്ധി വരുത്തുന്നതാണ് പുരം കുളിയുമായി ബന്ധപ്പെട്ട ചടങ്ങ്. വീടുകളില്‍ കാമാരാധനയാണ് പൂരോഘോഷത്തില്‍ മുഖ്യം. കാര്‍ത്തിക മുതലുള്ള നാളുകളില്‍ പൂവിട്ട് പൂജിക്കുന്നതാണ് മറ്റൊരു ചടങ്ങ്. ഒരു കുടുംബത്തില്‍ ഒരു സന്താനമുണ്ടാവുകയാണെങ്കില്‍ ആ കുരുന്നിന്റെ കന്നി പൂരം പൂവിടല്‍ ചടങ്ങോടെ ആഘോഷപൂര്‍വ്വം കൊണ്ടാടുക പതിവാണ്. ക്ഷേത്രങ്ങളിലെ പൂവിടല്‍ നിര്‍ത്തിവെച്ചെങ്കിലും ചില വീടുകളില്‍ പൂവിടല്‍ നടന്നുവരുന്നു. കോടി മുണ്ടുടുത്ത പെണ്‍കുഞ്ഞിനെ വീട്ടിലെ മുത്തശ്ശിമാരാണ് പൂവിടല്‍ ചെയ്യിക്കുന്നത്. ക്ഷേത്രങ്ങളിലും തറവാടുകളിലും ഒമ്പത് ദിവസങ്ങളിലായി വിവിധ ചടങ്ങുകളോടെ ആരാധിച്ച ശേഷം കാമദേവനെ യാത്രയാക്കുന്നു. തറവാടുകളിലും വീടുകളിലും പൂരക്കഞ്ഞിയുണ്ടാക്കി കാമനു വിളമ്പുകയും, പെണ്‍കുട്ടികള്‍ പൂരക്കഞ്ഞി പ്രസാദമായി കഴിക്കുകയും ചെയ്യുന്നു. കന്യകമാരായ പെണ്‍കുട്ടികള്‍ പൂക്കള്‍ കൊണ്ട് കാമദേവനെ ഉണ്ടാക്കി പുരോത്സവത്തിന്റെ സമാപന ദിവസം കാമന്റെ രൂപത്തെയും അതുവരെ കാമന് അര്‍പ്പിച്ച പൂക്കളും പൂരടയും എല്ലാം ഒന്നിച്ചെടുത്ത് അഷ്ടമംഗല്യത്തോടുകൂടി പാലുള്ള മരത്തിന്റെ ചുവട്ടില്‍ സമര്‍പ്പിച്ചു കൊണ്ട് കുരവയിട്ടു കാമദേവനെ യാത്രയാക്കും. കോപാകുലനായ മഹാദേവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാന്‍ പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ട കഥ കാലാകാലങ്ങളായി പൂരോത്സവത്തിന് പിന്നിലുള്ള ഐതീഹ്യമായി ഹൈന്ദവര്‍ കൊണ്ടാടുന്നു. കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെ ആഘോഷിച്ചു വരുന്ന പൂരോത്സവത്തിന്റെ സമാപനമായാണ് കാമദേവനെ യാത്രയാക്കല്‍ ചടങ്ങ് നടത്തി വരുന്നത്. കാമാ…തെക്കന്‍ നാട്ടില് പോലെ… വടക്കന്‍ നാട്ടിന് പോലെ.. കിണറ്റിന്‍പടമ്മേല്‍ പോലെ… ഇനിയത്തെ കൊല്ലവും വരണേ… എന്നു പാടിക്കൊണ്ടാണ് മുത്തശ്ശിമാരടക്കം കാമനെ യാത്രയാക്കുക.
അതോടൊപ്പം പൂരക്കളിയുടെ സമാപനം കുറിച്ചു കൊണ്ട് പന്തലില്‍ ആണ്ടും പള്ളും നാളെ അരങ്ങേറും.
സംസ്‌കൃതപണ്ഡിതന്മാരായ പണിക്കന്മാര്‍ തമ്മിലുള്ള വിദ്യുല്‍ സദസ്സാണ് മറത്തുകളി. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പ് നടത്തിയാണ് ഓരോ പണിക്കന്മാരും മറത്തു കളിയുടെ വേദിയിലെത്തുന്നത്. എതിര്‍വിഭാഗം പണിക്കരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറാതിരിക്കാന്‍ ഊണും ഉറക്കവും തൊഴിലും ഉപേക്ഷിച്ചാണ് ഓരോ പണിക്കന്മാരും തയ്യാറെടുക്കുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ പരിസമാപ്തിയാണ് മറത്തുകളി.
