മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ച പുത്തൂരിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസിലെ 21-ാം പ്രതി നല്‍കിയ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുത്തൂര്‍, ഒളമുഗറിലെ മുഹമ്മദ് ജാബിറിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ്മാരായ ശ്രീനിവാസ ഹരീഷ്, വിജയ ലക്ഷ്മി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. റിമാന്റ് കാലാവധി നീട്ടണമെന്നുള്ള എന്‍.ഐ.എ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി.
2022 ആഗസ്റ്റ് 26 നാണ് പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് മരിച്ചത്. രാത്രിയില്‍ കോഴിക്കട പൂട്ടി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ ബൈക്കുകളിലെത്തിയ ഒരു സംഘം ആള്‍ക്കാര്‍ വെട്ടിക്കൊന്നുവെന്നാണ് കേസ്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ച കേസില്‍ അന്തര്‍ സംസ്ഥാന ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് അന്വേഷണം എന്‍.ഐ.എ.ക്കു കൈമാറിയത്.