അമേരിക്കയില്‍ 800 ല്‍പരം യുവതികള്‍ കിടപ്പറ സമരത്തില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ 800 ല്‍ പരം യുവതികള്‍ കിടപ്പറ സമരത്തില്‍. ഹസീദിയ ജൂത സ്ത്രീകളാണ് പ്രതിഷേധ സൂചകമായി കിടപ്പറ സമരം ആരംഭിച്ചത്. വിവാഹമോചനത്തിനു തടസ്സം നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൂതനിയമം എടുത്തു മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.
നിലവിലുള്ള നിയമപ്രകാരം ഭര്‍ത്താവിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്കു വിവാഹമോചനം സാധ്യമാകുന്നുള്ളു. ഗാര്‍ഹിക പീഡന പരാതികള്‍ പൊലീസില്‍ നല്‍കുന്നതിന് പോലും മതപുരോഹിതരുടെ അനുമതി വേണമെന്ന സ്ഥിതി സ്ത്രീവിരുദ്ധമാണെന്നു സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കിടപ്പറ സമരത്തിലൂടെ ഭര്‍ത്താക്കന്മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും ഇതുവഴി നിയമ പരിഷ്‌കരണങ്ങള്‍ക്കു വഴി തുറക്കുമെന്നുമാണ് സമരക്കാരുടെ കണക്കുകൂട്ടല്‍.
29 കാരിയാണ് സമരത്തിന്റെ നേതാവ്. ഇവര്‍ നാലു വര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട് കഴിയുന്നു. എന്നാല്‍ ഇതുവരെ വിവാഹമോചനം നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭര്‍ത്താക്കന്മാര്‍ക്ക് ലൈംഗികത നിഷേധിച്ചുകൊണ്ട് സമരത്തിലേക്ക് ഇറങ്ങാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചത്.
എന്നാല്‍ സമരത്തിനിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ പല സ്ഥലങ്ങലില്‍ ചീഞ്ഞ മുട്ട എറിഞ്ഞ സംഭവവും ഉണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത പരിഹാസ്യത്തിനും സമരരംഗത്തുള്ളവര്‍ വിധേയരാവുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page