ബദൗണിലെ ബാബ കോളനിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെ വെട്ടിക്കൊന്നതില്‍ പ്രതിഷേധം ശക്തം. ഒരു മുസ്ലിം പൗരന്റെ കട നാട്ടുകാര്‍ ചേര്‍ന്ന് കത്തിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വീട്ടില്‍ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന രണ്ടു കുട്ടികളെ ഒരാള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. 11 വയസും ആറും വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. സാജിദ് എന്ന പ്രതിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും രക്ഷപെടാന്‍ ശ്രമിക്കവേ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്കു വെടിയേല്‍ക്കുകയായിരുന്നു. പ്രതി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു എന്ന് ബറേലി ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും റിവോള്‍വറും കണ്ടെടുത്തു. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. എന്നാല്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച കുട്ടികളുടെ പിതാവിനോട് പ്രതികള്‍ 5,000 രൂപ ആവശ്യപ്പെട്ടതായി എസ്എസ്പി പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുകയാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടക്കൊലപാതകത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മാണ്ഡി സമിതി ഔട്ട്പോസ്റ്റിന് സമീപമുള്ള ബാബ കോളനിയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.