കാസര്‍കോട്: ലോക് സഭാ തെരഞ്ഞെടുപ്പിന് ഇടത് -വലത്- എന്‍ഡിഎ മുന്നണികള്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കെ പൈവളിഗെയില്‍ ഇടതു പഞ്ചായത്ത് ഭരണത്തെ താങ്ങിനിര്‍ത്താന്‍ വലതുമുന്നണി ഊന്നുവടിയായേക്കുമെന്ന് സംസാരമുയര്‍ന്നു. പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി.ജെ.പി നല്‍കിയ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചര്‍ച്ചക്കെടുക്കും. 19 അംഗ പഞ്ചായത്ത് ബോര്‍ഡില്‍ ബി.ജെപിക്ക് എട്ടും സിപിഎമ്മിന് ഏഴും സിപിഐക്ക് ഒരംഗവുമുണ്ട്. മുസ്ലീംലീഗിന് രണ്ട് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഒരംഗവും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ വലതുമുന്നണി അംഗങ്ങള്‍ പിന്തുണച്ചിരുന്നു. അതേസമയം, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുമുന്നണിയുടെ മൂന്നംഗങ്ങള്‍ നിഷ്പക്ഷത പാലിക്കുകയായിരുന്നു. നറുക്കെടുപ്പില്‍ ബി.ജെപി അംഗം വൈസ് പ്രസിഡന്റായി. സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ രണ്ടെണ്ണം ലീഗിനും ഒരെണ്ണം സിപിഎമ്മിനും വീതം വച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതി ഏകപക്ഷീയ ഭരണമാണ് പഞ്ചായത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ സിപിഎം വാര്‍ഡുകളില്‍ മാത്രം ഒതുങ്ങുകയാണെന്നും ബി.ജെ.പി അംഗങ്ങള്‍ ആരോപിച്ചു. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ബി.ജെപിയുടെ എട്ടംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ സിപിഎമ്മിനെ പിന്തുണച്ചാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ യു.ഡി.എഫ് നിക്ഷപക്ഷത പാലിച്ചാല്‍ നറുക്കെടുപ്പ് വേണ്ടിവരും. ബി.ജെ.പി വിജയിക്കുകയാണെങ്കില്‍ പഞ്ചായത്തിലെ ഇടത് ഭരണം നഷ്ടമാകും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ എല്‍ഡിഎഫ് -യുഡിഎഫ് സഖ്യം ബിജെപി അംഗമായ വൈസ് പ്രസിഡന്റിന് നേരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന സൂചനയുണ്ട്. അതേസമയം ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നണികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ചുവപ്പ് കോട്ടയായിരുന്ന പൈവളിഗെയില്‍ എല്‍ഡി.എഫ് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിയുമോയെന്ന് ജനങ്ങള്‍ ഉറ്റുനോക്കുകയാണ്.
