അപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍ നടി അരുന്ധതി നായര്‍; ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍

ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായരുടെ ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍. വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം അരുന്ധതിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. അതുവഴി പോയ വാഹനത്തിലുള്ളവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ അരുന്ധതിക്കായി സഹായം തേടിയിരിക്കുകയാണ് നടി ഗോപിക അനില്‍. ”എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.”എന്നാണ് ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ച് ഗോപിക അനില്‍ കുറിച്ചത്.
അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ സിനിമയിലും ഒറ്റക്കൊരു കാമുകന്‍ എന്ന ഷൈന്‍ ടോം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ‘ഒറ്റയ്‌ക്കൊരു കാമുകന്‍’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page