കളഞ്ഞുകിട്ടിയ 43,000 രൂപ ഉടമസ്ഥനെ ഏല്‍പ്പിച്ച് കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: പരിമിതികളും പരാധീനതകളും ഏറെയുണ്ട്, കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറായ ബട്ടംപാറയിലെ ബി നാരായണന്. എന്നാല്‍ അന്യന്റെ മുതല്‍ ആരും ആഗ്രഹിക്കരുതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഈയൊരു നിലപാട് ജീവിത മുദ്രയാക്കിയ നാരായണനു വെള്ളിയാഴ്ച രാവിലെ കറന്തക്കാട്, മധൂര്‍ റോഡ് ജംഗ്ഷനില്‍ വെച്ച് ഒരു കെട്ട് പണം കളഞ്ഞുകിട്ടി. എണ്ണി നോക്കിയപ്പോള്‍ 43,000 രൂപ. പിന്നെ ഒട്ടും അമാന്തിച്ചില്ല. നാരായണന്‍ ഓട്ടോയുമായി ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി പണം കൈമാറി. പണത്തിന്റെ കൂടെ ഉടമസ്ഥനെ കുറിച്ചുളള ഒരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പണം കളഞ്ഞു കിട്ടിയ വിവരം പൊലീസ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അണങ്കൂര്‍, ബെദിര സ്വദേശി ഷെരീഫ് പൊലീസ് സ്റ്റേഷനിലെത്തി. തന്റെ പണമാണ് നഷ്ടപ്പെട്ടതെന്നും ഇതിനുള്ള തെളിവുകളും വ്യക്തമാക്കി. തുടര്‍ന്ന് നാരായണനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പണം ഷെരീഫിന് കൈമാറി. എ.എസ്.ഐ എ.കെ ശശിധരന്‍ പുല്ലൂര്‍, റൈറ്റര്‍ പ്രദീപന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്. നാരായണന് ഇതിനു മുമ്പും പണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കളഞ്ഞു കിട്ടിയിട്ടുണ്ടെന്നും അവയും പൊലീസ് മുഖേന ഉടമസ്ഥര്‍ക്ക് കൈമാറിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page