കുരുമുളകിനും റബ്ബറിനും വരുമോ നല്ല കാലം? കുരുമുളക് വില വീണ്ടും അഞ്ഞൂറില്‍; റബ്ബറിന് 175 രൂപ

കാസര്‍കോട്: ഇടക്കാലത്തെ ഇടിവിന് ശേഷം റബ്ബറിനും കുരുമുളകിനും നേരിയ തോതില്‍ വില ഉയര്‍ന്നു. ഒരു കിലോ കുരുമുളകിനു ചൊവ്വാഴ്ച മലയോരത്തെ വില 500 രൂപയാണ്. 465 രൂപ വരെ കൂപ്പുകുത്തിയ ഇടത്തു നിന്നുമാണ് വില ഉയര്‍ന്നത്. വരും ദിവസങ്ങളിലും വില വര്‍ധനക്ക് സാധ്യതയുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉല്‍പ്പാദനം കൂടുതലായിരുന്നു. എന്നാല്‍ പൊള്ള് കൂടിയതിനാല്‍ കര്‍ഷകര്‍ക്ക് ഉല്‍പാദന വര്‍ധനവിന്റെ ഗുണം കിട്ടിയില്ല. വില കുത്തനെ കുറഞ്ഞതും തിരിച്ചടിയായി. ഇത്തരമൊരു സ്ഥിതിയില്‍ നിന്ന് 500 രൂപയിലേക്ക് എത്തിയത് കര്‍ഷകര്‍ക്കിടയില്‍ പ്രതീക്ഷകള്‍ക്കിടയാക്കിയിട്ടുണ്ട്.
റബ്ബര്‍ വിലയും നേരിയ തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ ആഹ്ലാദത്തിനിടയാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച മലയോര മാര്‍ക്കറ്റില്‍ ഒരു കിലോ റബ്ബറിന് 175 രൂപയാണ്. ഉല്‍പാദനം കുറഞ്ഞതും ഓഫ് സീസണ്‍ ആയി തുടങ്ങിയതുമാണ് വില വര്‍ധനവിനു കാരണമായി പറയുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ കിലോയ്ക്ക് 200 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അതേ സമയം ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കു വില വര്‍ധനവിന്റെ ഗുണം ലഭിക്കില്ലെന്നാണ് സൂചന. ചരക്കുകള്‍ നേരത്തെ വിറ്റഴിച്ചതാണ് കാരണം. സബ്സിഡിയിലാണ് അത്തരക്കാരുടെ പ്രതീക്ഷയെങ്കിലും അത് എന്ന് കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page