പൂട്ടിയിട്ട വീട്ടില്‍ ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേര്‍ലകട്ട സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കിരണ്‍ കുമാര്‍ (48) ആണ് മരിച്ചത്. കര്‍ണാടക കുമ്പള കുജുമഗഡ്ഡെക്ക് സമീപത്തെ വീട്ടിലാണ് വീടിനുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് പരിസരവാസികള്‍ വാതില്‍ തുറന്ന് നോക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഉള്ളാള്‍ പൊലീസില്‍ വിവരമറിയിച്ചു. മാര്‍ച്ച് ഏഴിന് വീട്ടില്‍ കയറിയ കിരണ്‍ പിന്നീട് പുറത്ത് കാണാനില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.