ഉറുക്കും ചരടും പണ്ട്; ഇപ്പോള്‍ ബോധവല്‍ക്കരണം

നാരായണന്‍ പേരിയ

”ഹലോ! ശ്രീമതിയും റിട്ടയര്‍ ചെയ്തു; അല്ലേ? ആഹ്ലാദപൂര്‍ണ്ണമായ വിശ്രമജീവിതം ആശംസിക്കുന്നു.”
ബെല്ലടിച്ചപ്പോള്‍ ഫോണെടുത്ത് കാതോടു ചേര്‍ത്തു, കേട്ടത് പരിചിതമല്ലാത്ത ശബ്ദം. താന്‍ റിട്ടയര്‍ ചെയ്തിട്ട് രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഭാര്യയും റിട്ടയര്‍ ആയി. അക്കാര്യം കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ആരോ ആണല്ലോ ഫോണിന്റെ അങ്ങേപ്പുറത്ത്. ആശംസിച്ചതിന് നന്ദി പറയുമ്പോഴേക്കും ഫോണ്‍ കട്ടായി. ആ നമ്പറില്‍ വിളിച്ചു; പ്രതികരണമില്ല.
ഒരാഴ്ചക്ക് ശേഷം വീണ്ടും ഒരു വിളി. പഴയ ശബ്ദം തന്നെ എന്ന് തിരിച്ചറിഞ്ഞു. ‘അനുമോദനങ്ങള്‍! ഇക്കൊല്ലത്തെ മാതൃകാ ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പത്തു ലക്ഷം രൂപയും നിങ്ങള്‍ സന്ദര്‍ശിക്കണമെന്നാഗ്രഹിക്കുന്ന സുഖവാസ കേന്ദ്രത്തില്‍ രണ്ടാഴ്ചത്തെ താമസവും ആണ് ഞങ്ങള്‍ നല്‍കുന്ന പാരിതോഷികം. ഒരുങ്ങിയിരിക്കുക. ശേഷം പിന്നാലെ’ ഫോണ്‍ കട്ടായി.
മൂന്നാം നാള്‍ വീണ്ടും വിളി. ‘സമ്മാനത്തുക ബാങ്കുവഴി. നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ പേരും അക്കൗണ്ട് നമ്പരും അറിയിക്കുക.’ പത്തു ലക്ഷമല്ലേ കിട്ടാന്‍ പോകുന്നത്! അടുത്ത ദിവസം തന്നെ അപ്രകാരം ചെയ്തു; നമ്പര്‍ അറിയിച്ചു. പിന്നെ ഒന്നും കേള്‍ക്കുക ഉണ്ടായില്ല. ബാങ്കില്‍ ചെന്നപ്പോള്‍ ഞെട്ടിപ്പോയി. പെന്‍ഷന്‍ ആയപ്പോള്‍ കിട്ടിയ തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഇനി മിനിമം ബാലന്‍സേ ബാക്കിയുള്ളു. ബാക്കിയെല്ലാം ഏതോ അക്കൗണ്ടിലേക്ക് പോയിരിക്കുന്നു. പരാതിപ്പെട്ടു; ഫലമില്ല.
പത്തുകൊല്ലം മുമ്പ് ഒരു സുഹൃത്തിനുണ്ടായ ദുരനുഭവമാണ്. കോളേജധ്യാപകരായിരുന്നു സുഹൃത്തും ഭാര്യയും. ഇതുപോലെ പലര്‍ക്കും ചതിപറ്റി. ‘ഓണ്‍ലൈന്‍ തട്ടിപ്പില്‍ പൊറുതിമുട്ടി; പരാതിപ്രളയം, തട്ടിപ്പിനിരയായവരുടെ. അത് മറികടക്കാന്‍ സൈബര്‍ വളണ്ടിയര്‍മാരെ അയക്കും, ബോധവല്‍ക്കരിക്കാന്‍.’ പത്രവാര്‍ത്ത കണ്ടപ്പോള്‍ പഴയ സംഭവം ഓര്‍മ്മ വന്നു. പുതിയ കാര്യമല്ല ഓണ്‍ലൈന്‍ തട്ടിപ്പ്. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വൈകിപ്പോയോ? എങ്കിലും ഇപ്പോഴെങ്കിലും അധികാരികള്‍ ഉണര്‍ന്നല്ലോ! ഇതാണ് പുതിയ പദ്ധതി: സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പത്തുവീതം വളണ്ടിയര്‍മാരെ പരിശീലിപ്പിക്കും; അവര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും. സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി ഹരിശങ്കര്‍ ആണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക.
ജില്ലാ പൊലീസ് മേധാവികള്‍ സൈബര്‍ മേഖലയില്‍ പ്രാവീണ്യമുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കും. അവര്‍ വീടുകള്‍ സന്ദര്‍ശിച്ച് സൈബര്‍ തട്ടിപ്പുകാരുടെ അടവുകളെക്കുറിച്ച് വിശദീകരിക്കും. വായനശാല, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്‍-എല്ലാവരും സഹകരിക്കണം. സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പറയും. വാട്സ്ആപ് വഴി നിരന്തരം സന്ദേശങ്ങള്‍ നല്‍കും. നാട്ടില്‍ അവബോധം സൃഷ്ടിച്ചാല്‍ തട്ടിപ്പ് കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരില്‍ ഏറെപ്പേരും ഉന്നത വിദ്യാഭ്യാസമുള്ളവരാണത്രെ. മികച്ച ജോലികള്‍ ആഗ്രഹിക്കുന്നവരും. തനിക്ക് ഇപ്പോഴുള്ളതൊന്നും പോരാ, യോഗ്യതയ്ക്കൊത്ത പദവി കിട്ടിയിട്ടില്ല എന്നെല്ലാം ചിന്തിക്കുന്നവര്‍. കോളേജധ്യാപകായിരുന്നവരാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരിചയപ്പെട്ട ദമ്പതിമാര്‍. തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍. ടെക്നോളജി വളരുന്നതിനനുസരിച്ച് തട്ടിപ്പിന്റെ രീതികളും മാറുന്നു. പാഴ്സല്‍ സര്‍വീസ്, ക്രെഡിറ്റ് കാര്‍ഡ്, ഓഹരി നിക്ഷേപം-ഇങ്ങനെ പലതും കാട്ടി പ്രലോഭിപ്പിക്കുന്നു. വിദേശത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം; അതോടൊപ്പം പാര്‍ട്ട്‌ടൈം ജോലിയും. പഠനം പൂര്‍ത്തിയായാല്‍ ഉയര്‍ന്ന ഉദ്യോഗവും എന്ന് കേട്ടാല്‍ ആരാണ് മയങ്ങിപ്പോകാതിരിക്കുക? വിസയും വിമാനടിക്കറ്റും അവര്‍ ശരിയാക്കിത്തരും. നിര്‍ദ്ദേശിക്കുന്ന അക്കൗണ്ടില്‍ പണം എത്തിക്കും. പിന്നെ ഒന്നും കേള്‍ക്കുകയില്ല. പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക്. പ്രതിമാസം രണ്ടായിരത്തിലേറെ പരാതികള്‍, പല തരത്തിലുള്ള തട്ടിപ്പുകള്‍ക്കിരയാകുന്നവരില്‍ നിന്നും ലഭിക്കുന്നു എന്നാണ് പറയുന്നത്. ഒരു കോടി രൂപ വരെ നഷ്ടപ്പെടുന്നവരുണ്ടത്രെ.
പ്രതീക്ഷിക്കുക: സൈബര്‍ വളണ്ടിയര്‍മാര്‍ വരും നിങ്ങളുടെ വീട്ടിലും; ബോധവല്‍ക്കരിക്കാന്‍. ചതിക്കുഴികളുടെ ആഴവും വ്യാസവും പറഞ്ഞു തരും. അതില്‍ അകപ്പെടാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു തരും. ലഘുലേഖകള്‍ കൈമാറും.
‘അത്യാര്‍ത്തി’- അത് തടയാനുള്ള മരുന്നുണ്ടോ? അതാണ് ആദ്യം വിതരണം ചെയ്യേണ്ടത്. പ്രേതബാധക്ക് ‘അടക്കം’ വക്കുന്ന മന്ത്രവാദികളുണ്ടായിരുന്നു പോലും പണ്ട്. ഉറുക്ക്, മന്ത്രച്ചരട്-ഇങ്ങനെ പലതും അരയില്‍ക്കെട്ടാന്‍ തയ്യാറാക്കിക്കൊടുക്കും. ‘ബാധ’ അടുക്കുകയേ ഇല്ല എന്ന് അവകാശപ്പെടും. വീണ്ടും ബാധിച്ചാലോ? വീണ്ടും ചരട് കെട്ടാം. അതു പോലെയാണ് ബോധവല്‍ക്കരണ പരിപാടികളും എന്ന് വരാന്‍ പാടില്ല. അത്യാര്‍ത്തി സ്വയം അടക്കുക.
‘ആര്‍ത്തിപ്പണ്ടാര’ങ്ങളുടെ നാടാകരുത് നമ്മുടേത്. ബോധവല്‍ക്കരണം ഫലവത്താകട്ടെ!

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page