ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖന്‍ പാമ്പ്; പിടികൂടി തോളിലിട്ട് സാഹസം കാണിച്ച ആള്‍ക്ക് പിന്നീട് സംഭവിച്ചത്

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസം കാണിച്ച ആള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു നാടകീയ സംഭവം നടന്നത്. ക്ഷേത്രത്തിലെ വടക്കേ നടയിലെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ കണ്ട സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടിരുന്നു. എന്നാല്‍ പാമ്പിനെ അനികുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു.
പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ല. മാത്രമല്ല തോളിലിട്ട് സാഹസവും തുടങ്ങി. അരമണിക്കൂറോളം പാമ്പുമായി സാഹസം കാണിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഉടനെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. ശേഷം തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തിയാണ് ആറടിയോളം നീളമുള്ള മൂര്‍ഖനെ പിടികൂടി കൊണ്ടുപോയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page