ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുകുടുംബത്തിലെ 9 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വര്‍ക്കല ടെമ്പിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. ഹോട്ടലില്‍ നിന്ന് വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ സീല്‍ ചെയ്തു. അതേസമയം, ആരുടേയും നില ഗുരുതരമല്ല.
