Monday, May 20, 2024
Latest:

അമ്മായിയെ കൊന്ന് കത്തിച്ചു; ആഭരണങ്ങള്‍ വിറ്റ് കൂട്ടുകാര്‍ക്കായി പാര്‍ട്ടി; ഗോവയില്‍ ബി ടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍

സ്വന്തം അമ്മായിയെ കൊലപ്പെടുത്തിയശേഷം ആഹ്ലാദം പങ്കിടാന്‍ ഗോവയില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി നടത്തിയ ബി ടെക് വിദ്യാര്‍ത്ഥി പിടിയില്‍. ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്കടുത്തെ ദൊഡ്ഡതോഗുരു സ്വദേശിനി ഡി സുകന്യയാണ്(37) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുകന്യയുടെ അനന്തരവനും വിജയവാഡ സ്വദേശിയും മൂന്നാം വര്‍ഷ കംപ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ജസ്വന്ത് റെഡ്ഡിയെ (20) ഇലക്ട്രോണിക്ക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ സുകന്യയെ ഫെബ്രുവരി 12 മുതല്‍ കാണാതായിരുന്നു. ബന്ധുക്കള്‍ പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സുകന്യയുടെ ഭര്‍ത്താവ് ഫാക്ടറി തൊഴിലാളിയായ ഡി നരസിംഹ റെഡ്ഡി 13 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുകന്യയുടെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് രേഖകള്‍ പരിശോധിച്ചപ്പോള്‍ ജസ്വന്തില്‍ നിന്ന് ഒന്നിലധികം കോളുകള്‍ വന്നതായി പൊലീസ് കണ്ടെത്തി. ഫെബ്രുവരി 12 ന് കെആര്‍ പുരത്തിന് സമീപമുള്ള സുകന്യയുടെ ടവര്‍ ലൊക്കേഷനില്‍ ജസ്വന്ത് എത്തിയതായും തെളിഞ്ഞു. ഇതോടെ ജസ്വന്ത് റെഡ്ഡിയെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്.
ഫെബ്രുവരി 12 ന് വാടകയ്ക്കെടുത്ത കാറില്‍ ബംഗളൂരുവിലെത്തി സുകന്യയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ച്ചയും നടത്തിയതായി ജസ്വന്ത് മൊഴി നല്‍കി. വീട്ടിലേക്ക് ഇറക്കിവിടാനെന്ന വ്യാജേന അയാള്‍ അവരെ ജോലിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തി കടം തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ടു. തന്റെ പക്കല്‍ പണമില്ലെന്ന് സുകന്യ പറഞ്ഞതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം, 25 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല കവര്‍ച്ച ചെയ്തു. പിന്നീട് എസ് ബിംഗിപുര ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചു. ഹൊസൂരില്‍ നിന്നും അഞ്ച് ലിറ്റര്‍ പെട്രോള്‍ കൊണ്ടുവന്നു മൃതദേഹം കത്തിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാഹനാപകടത്തില്‍ പെട്ട ജസ്വന്ത്, കേസ് തുടരാത്തതിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വാഹന ഉടമയോട് വാക്ക് നല്‍കിയിരുന്നു. തനിക്ക് അടുപ്പമുണ്ടായിരുന്ന സുകന്യ ജാമ്യത്തിലിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാള്‍. ഇത് നടക്കാതെ വന്നപ്പോഴാണ് സുകന്യയെ കൊലപ്പെടുത്തിയത്. സുകന്യയുടെ മൊബൈല്‍ ആളൊഴിഞ്ഞ പറമ്പില്‍ എറിഞ്ഞശേഷം സ്വര്‍ണമാലയുമായി ഹൈദരാബാദിലേക്ക് പോയി. നഗരത്തിലെ ജ്വല്ലറിയില്‍ 95,000 രൂപയ്ക്ക് മാല വിറ്റു. 50,000 രൂപ കടം തീര്‍ത്ത് കൂട്ടുകാര്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്ര പോവുകയും അവിടെ വച്ച് പാര്‍ട്ടിയും നടത്തി. തിരിച്ചുവന്നശേഷം കോളേജില്‍ പോകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page