കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ എസി വാതകം ചോര്‍ന്നു. പിന്നാലെ പുക ഉയര്‍ന്നതും അലാറാം മുഴങ്ങിയതും പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടയുടനെയായിരുന്നു വാതക ചോര്‍ച്ച. ഇതേതുടര്‍ന്ന് ട്രെയിന്‍ അര മണിക്കൂറോളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. കോച്ചിലെ യാത്രക്കാരെ തൊട്ടടുത്തുള്ള കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ പുക പടരുകയായിരുന്നു. അപ്പോള്‍ തന്നെ അലാറാം മുഴങ്ങി. സി-5 കംപാര്‍ട്ട്മെന്റില്‍ നിന്നാണ് മുന്നറിയിപ്പ് സിഗ്നല്‍ മുഴങ്ങിയത്. ഉടന്‍ ട്രെയിന്‍ റെയിവേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടശേഷം കോച്ചിലെ വാതിലുകള്‍ തുറന്നിട്ടു. കോച്ചില്‍ നിന്നും വെളുത്ത നിറമുള്ള പുകയാണ് പടര്‍ന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഈ സമയം ട്രെയിനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കോച്ചിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് ശ്വാസതടസ്സവും കണ്ണ് നീറ്റലും അനുഭവപ്പെട്ടുവെന്നും യാത്രക്കാര്‍ പറയുന്നു. തൊട്ടുമുന്‍പില്‍ ഇരിക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ പുക പടര്‍ന്നിരുന്നു. ഇതിനുപിന്നാലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിഭാഗം ജീവനക്കാരും എത്തി ട്രെയിന്‍ പരിശോധിച്ചു. എന്നാല്‍, അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സി-5 കംപാര്‍ട്ട്മെന്റില്‍ ചെറിയ തോതില്‍ പുക ഉള്ളതായി കണ്ടെത്തി. തുടന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് എസി വാതകം ചോര്‍ന്നതായി കണ്ടെത്തിയത്. ഇതോടെ യാത്രക്കാരും പരിഭ്രാന്തരായി. പരിശോധനകള്‍ നടത്തിയ ശേഷം 9.24 ന് ട്രെയിന്‍ പുറപ്പെട്ടു. യാത്രക്കാരില്‍ ആരോ ട്രെയിനില്‍ പുക വലിച്ചതിനാലാകാം അലാറാം മുഴങ്ങിയതിനു കാരണമെന്നാണ് ആദ്യം റെയില്‍വേ അധികൃതര്‍ വിശദമാക്കിയിരുന്നത്. അതേസമയം, വാതകം ചോര്‍ന്നതാണ് കാരണമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ടെക്നീഷ്യന്‍മാര്‍ എത്തി തകരാര്‍ പരിഹരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.
