എസ്എസ്എല്‍സി മുന്നൊരുക്ക പരീക്ഷയെഴുതിയശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ കൂട്ടുകാരായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹം റെയില്‍വേ പാലത്തിനു സമീപം കണ്ടെത്തി. കര്‍ണാടക സൂറത്കല്‍ ഹലേയങ്ങാടി നഗരത്തിലെ വിദ്യാദായിനി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ സൂറത്ത്കൽ അഗർമേൽ സ്വദേശി ചന്ദ്രകാന്തയുടെ മകൻ യശ്വിത് (15), ഉലദങ്ങാടി തോക്കൂർ സ്വദേശി വസന്തിൻ്റെ മകൻ രാഘവേന്ദ്ര (15), സൂറത്കൽ ഗൊഡേകൊപ്ലാവിൽ വിശ്വനാഥൻ്റെ മകൻ നിരുപ് (15), ചിത്രാപൂർ സ്വദേശി ദേവദാസയുടെ മകൻ അൻവിത് (15) എന്നിവരെയാണ് ഹലേയങ്ങാടി കൊപ്പാള അണക്കെട്ടിലെ റെയില്‍വേ പാലത്തിനടിയില്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ ആത്മഹത്യ ചെയ്തതാണോ അതോ അപകടത്തില്‍പ്പെട്ടതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ചൊവ്വാഴ്ച രാവിലെ ഇംഗ്ലീഷ് പ്രിപ്പറേറ്ററി പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ സമയം ഏറെ കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ പലേടത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. പിന്നാലെ ബന്ധുക്കള്‍ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ ഹലേയങ്ങാടിയിലേക്കുള്ള ബസില്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷനുകളിലൂടെ അന്വേഷണം വ്യാപിപ്പിച്ചു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ഹലേയങ്ങാടിയില്‍ ഉള്ളതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍, ചെരിപ്പുകള്‍, യൂണിഫോം എന്നിവ കൊപ്പാള അണക്കെട്ടിലെ റെയില്‍വേ പാലത്തിന് സമീപം കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിന്നീട് ഹലേയങ്ങാടി കൊപ്പാള അണക്കെട്ടിലെ റെയില്‍വേ പാലത്തില്‍ നാല് വിദ്യാര്‍ത്ഥികളുടെയും മൃതദേഹം കണ്ടെത്തിയത്. സൂറത്ത്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികൾ സ്‌കൂളിൽ നിന്ന് നേരെ പുഴയിൽ നീന്താൻ വന്നതാണെന്ന് സംശയിക്കുന്നു. ഒരാൾ മുങ്ങിത്തുടങ്ങിയപ്പോൾ രക്ഷിക്കാൻ പോയ മറ്റുള്ളവർ മുങ്ങിമരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.