ഒന്ന് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയ 55 കാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് പാറ്റ. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പാറ്റയെ നീക്കിയതോടെയാണ് ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളുടെ ശ്വാസകോശത്തില്‍ നിന്നാണ് പാറ്റയെ നീക്കിയത്. ഇതിന്റെ വലിപ്പം നാല് സെന്റിമീറ്റര്‍ വരും. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് 55 കാരന്റെ ഇടത്തേ ശ്വാസകോശത്തില്‍ നിന്ന് പാറ്റയെ നീക്കിയത്. ശ്വാസം എടുക്കുന്നത് സംബന്ധിച്ച് ആരോഗ്യ പ്രശ്‌നമുള്ള ഇയാള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനായി കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരുന്നു. ഇത് വഴിയാണോ പാറ്റ ശ്വാസകോശത്തിലെത്തിയിരിക്കുക എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.
ശ്വാസനാളിയില്‍ എന്തോ കുരുങ്ങിയെന്ന് തോന്നിയ 55 കാരന് പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. എക്‌സ്‌റേ എടുത്തുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെ ബ്രോങ്കോസ്പി നടത്തിയപ്പോഴാണ് ശ്വാസകോശത്തില്‍ പാറ്റയെ കണ്ടെത്തിയത്. ശ്വാസതടസം അനുഭവപ്പെട്ട് ഏകദേശം എട്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് ശ്വാസകോശത്തില്‍ നിന്ന് പാറ്റയെ പുറത്തെടുത്തത്. ഈ സമയത്തിനുള്ളില്‍ പൊടിയാന്‍ തുടങ്ങുന്ന അവസ്ഥയിലായിരുന്നു പാറ്റ. ചികിത്സയ്ക്കുശേഷം 55 കാരന്‍ ആശുപത്രി വിട്ടു.
