
ഹണിമൂണിന്റെ ഭാഗമായി മൃഗശാല സന്ദർശിക്കാനൊരുങ്ങവേ നവവരൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. വിവരമറിഞ്ഞ നവവധു ആറാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി. ഡൽഹി ഗാസിയാബാദിലാണ് സംഭവം. മൂന്നുമാസം മുമ്പ് വിവാഹിതരായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് ഒരേ ദിവസം മരിച്ചത്. ഹണിമൂണിന്റെ ഭാഗമായി ഇരുവരും കൂട്ടുകാരുടെ സഹായത്തോടെ ഡൽഹി മൃഗശാല സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. യാത്രക്കൊരുങ്ങവേ അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി തൻ്റെ സുഹൃത്തുക്കളെ വിളിച്ച് യുവാവിനെ ആദ്യം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിൽ വെച്ച് അഭിഷേക് മരിച്ചു. അഭിഷേകിന്റെ മൃതദേഹം ഗാസിയാബാദിലെ വൈശാലിയിലെ അഹ്ൽകോൺ അപ്പാർട്ട്‌മെൻ്റിലുള്ള നവദമ്പതികളുടെ വീട്ടിൽ എത്തിച്ചപ്പോഴാണ് അഞ്ജലി ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നും ചാടുകയായിരുന്നു. തലക്കും മുഖത്തും സാരമായി പരിക്കേറ്റ അഞ്ജലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.