വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. ബിജെപി ദേശീയ നേതൃത്വം ഉറപ്പ് നൽകിയാലുടൻ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കുറി തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശെഹറില്‍ നിന്ന് ബിജെപി സ്ഥാനാർത്ഥിയാകും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിജെപി നേതൃത്വവുമായി ആരിഫ് മുഹമ്മദ്ഖാൻ ചർച്ച നടത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഡൽഹിയിലെത്തി മുതിർന്ന ബിജെപി നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. കേരളത്തിലെ ആർ എസ് എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സ്വദേശമായ ബുലന്ദ്ശെഹര്‍
മണ്ഡലമാണ് പ്രാഥമികമായി പരിഗണിക്കുന്നത്. ഇതിനുപുറമെ മറ്റു മൂന്നു മണ്ഡലങ്ങൾ കൂടി നോക്കുന്നുണ്ട്. നേതൃത്വം നൽകുന്ന നിർദ്ദേശത്തിന് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1977 മുതല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള ആരിഫ് മുഹമ്മദ്ഖാന്‍ കേന്ദ്രമന്ത്രിയും മൂന്നു തവണ എംപിയുമായിരുന്നു. കോണ്‍ഗ്രസ് വിട്ട ആരിഫ് മുഹമ്മദ്ഖാന്‍ ജനതാദളിലും ബഹുജന്‍സമാജ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചശേഷമാണ് ബിജെപിയിലെത്തിയത്. കൈസര്‍ഗജ്ജില്‍ നിന്ന് 2004 അദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
കേരളത്തിൽ ഗവർണറായി ചുമതലയേറ്റശേഷം എൽഡിഎഫ് സർക്കാരുമായി നല്ല ബന്ധത്തിലല്ല. ഗവർണറുടെ സമീപനത്തിനെതിരെ മുഖ്യമന്ത്രിയും സിപിഎമ്മും പലപ്പോഴും പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പലപ്പോഴും പ്രതിപക്ഷത്തെയും കടത്തിവെട്ടി. സർക്കാർ അയച്ച പല ഫയലുകളും അദ്ദേഹം പിടിച്ചുവെക്കുകയും ചെയ്തു. കേരളത്തിലെ ചില മന്ത്രിമാരെയും രാഷ്ട്രീയനേതാക്കളെയും ക്രിമിനൽ എന്ന് വിളിച്ച ഗവർണറുടെ നടപടി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തർക്കം നിലനിൽക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകും എന്ന അഭ്യൂഹം ശക്തമായത്. ഇതിനിടെയാണ് രാജ്ഭവനിലെ ഫയലുകള്‍ വെച്ചുതാമസിപ്പിക്കാതെ വേഗം തീർപ്പാക്കണമെന്ന ഗവർണറുടെ നിര്‍ദേശം.