കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം കരള്‍ രോഗം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ മരണം കൊലപാതകം എന്ന ദുരൂഹത നീങ്ങി. മരണത്തില്‍ അടുത്ത ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ കോട്ടയിലെ സൂര്യാംശി ലോഡ്ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ട് സ്വദേശി അനൂപിനെ(35) അതേ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയില്‍ ആയിരുന്നു മൃതദേഹം. മുമ്പ് കരള്‍ രോഗം ബാധിച്ച് ഗുരുതരമായ അവസ്ഥയിലായിരുന്നു യുവാവ്. രോഗ ചികിത്സയ്ക്കുശേഷമാണ് വീണ്ടും ജോലിക്ക് എത്തിയത്. തലയിലെ മുറിവും, മുറിയിലെ രക്തവും മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. കരള്‍ രോഗത്തിന്റെ ചികിത്സയ്ക്കുശേഷം വീണ്ടും മദ്യപാനം തുടങ്ങിയിരുന്നു. അന്നനാളത്തില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്നാണ് മുറിയില്‍ തലയിടിച്ച് വീണതെന്നുപറയുന്നു. വീഴ്ചയില്‍ തല ഭിത്തിയിലിടിച്ചിട്ടുണ്ടാവാമെന്നും തലയിലെ മുറിവില്‍ നിന്നും വന്ന രക്തമായിരിക്കാം സ്വീകരണ മുറിയില്‍ തളംകെട്ടി കിടന്നത് എന്നാണ് പൊലീസ് പറയുന്നത്.
