സംസ്ഥാനത്ത് ചൂട് കൂടുന്നു; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ചൂടിനെ പ്രതിരോധിക്കാൻ നൽകിയ മുന്നറിയിപ്പ് ഇങ്ങിനെ

തിരുവനന്തപുരം:സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് കൂടിയ  താപനില മുന്നറിയിപ്പ് . കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ചൂട് ഏറ്റവും രൂക്ഷമാവുക. 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരും. സാധാരണ താപനിലയില്‍ നിന്ന് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം, ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം. കുടയോ തൊപ്പിയോ പുറത്തിറങ്ങവെ ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഒ.ആര്‍.എസ് ലയനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകല്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നിവയാണ് നൽകിയ നിർദ്ദേശങ്ങൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page