തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ നടക്കും. എന്നാല്‍ ഇത് കേരളത്തില്‍ ജനജീവിതത്തെ ബാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും(എസ്‌കെഎം) കേന്ദ്ര ട്രേഡ് യൂണിയനുകളുമാണ് രാജ്യവ്യാപക ബന്ദ് ആഹ്വാനം ചെയ്തത്. ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’ എന്ന് പേരിട്ടിരിക്കുന്ന ബന്ദ് നാളെ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് നടക്കുക. എന്നാല്‍, സംസ്ഥാനത്ത് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ- ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേരളത്തില്‍ പ്രകടനം മാത്രമായിരിക്കും ഉണ്ടാകുക.
ബന്ദിന് പുറമെ, പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ്ണ നടത്തും. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനംചെയ്തത്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്ന്
കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അടിയന്തര ആവശ്യത്തിനുള്ള സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയത്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജോലികള്‍, സ്വകാര്യ ഓഫീസുകള്‍, ഗ്രാമീണ കടകള്‍, ഗ്രാമീണ വ്യവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവ ഭാരത് ബന്ദിനോട് അനുബന്ധിച്ച് അടച്ചിടും.
ആംബുലന്‍സ്, പത്രവിതരണം, ആശുപത്രി, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയ അടിയന്തര സേവനങ്ങളെ ബന്ദ് ബാധിക്കില്ല. 2023 ഡിസംബറിലാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി പതിമൂന്നിന് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചലോ ഡല്‍ഹി മാര്‍ച്ച് ആരംഭിച്ചിരുന്നു.
