ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് അനു ശിവരാമനെ സ്ഥലം മാറ്റിയത്. സ്ഥലമാറ്റം ആവശ്യപ്പെട്ട് ജസ്റ്റിസ് അനു ശിവരാമന്‍ കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
ചീഫ് ജസ്റ്റിസ് എ ജെ ദേശായി കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയായിരുന്നു അനു. 2015 ഏപ്രില്‍ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിതയാകുന്നത്. 2017-ല്‍ സ്ഥിരം ജഡ്ജിയായി. ജസ്റ്റിസ് അനു ശിവരാമന്‍ ചുമതലയേല്‍ക്കുന്നതോടെ കര്‍ണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവര്‍ മാറും. 2010-11 കാലയളവില്‍ കേരള സര്‍ക്കാരിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.







