വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനി ചികില്‍സക്കിടെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഡ്രോയിംഗ് ടീച്ചര്‍ അറസ്റ്റിലായി. കര്‍ണാടക ധര്‍മസ്ഥല പിജത്തഡ്കയിലെ ദമ്പതികളുടെ മകളാണ് മരിച്ചത്. രൂപേഷ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. ഫെബ്രുവരി ഏഴിന് വിഷം കഴിച്ച പെണ്‍കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. രൂപേഷ് പെണ്‍കുട്ടിയെ കുറിച്ച് മറ്റൊരു വിദ്യാര്‍ത്ഥിക്ക് അയച്ച അപകീര്‍ത്തികരമായ വാട്‌സാപ് സന്ദേശത്തെ തുടര്‍ന്നുണ്ടായ അപമാനത്തില്‍ മനംനൊന്താണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിലും സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ധര്‍മ്മസ്ഥല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ പ്രേരണകുറ്റമാണ് അധ്യാപകനില്‍ ചുമത്തിയിരിക്കുന്നത്.
