വ്യാപാരികള്‍ പ്രഖ്യാപിച്ച സമരം പൂര്‍ണം; ഭൂരിഭാഗം കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാരി-വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ച സമരം പൂര്‍ണം. സംസ്ഥാനത്തെ ഭൂരിഭാഗം കടകളും ഹോട്ടലുകളും റസ്റ്റോറന്റുകളും അടഞ്ഞുകിടക്കുകയാണ്. അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിവിധ ജില്ലകളില്‍ സ്ഥാപനങ്ങളുടെ ക്യാന്റീനുകളും ഒറ്റപ്പെട്ട ഹോട്ടലുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതോടെ സമരം സാധാരണ ജീവിതത്തെ ബാധിച്ചു. കാസര്‍കോട് ജില്ലയില്‍ സമരം പൂര്‍ണമാണ്. പണിമുടക്കിയ വ്യാപാരികള്‍ നഗരങ്ങളില്‍ പ്രകടനം നടത്തി. അതേസമയം, സിപിഎം ആഭിമുഖ്യത്തിലുള്ള വ്യാപാരി വ്യവസായി സമിതി സമരത്തോട് സഹകരിക്കുന്നില്ല. തിരുവനന്തപുരത്ത് ആറ്റുകാല്‍ ഉല്‍സവം പ്രമാണിച്ച്
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. വ്യാപാരമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്ന യിച്ച് ജനുവരി 29ന് കാസര്‍കോട്ടുനിന്ന് ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ജാഥ ആരംഭിച്ചിരുന്നു. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച ജാഥ ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം നാലിന് പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം. വ്യാപാരികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page