ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കുമോ? അയഞ്ഞ് കെ സുധാകരന്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് പരിഗണിച്ചേക്കും. പൊതു തെരഞ്ഞെടുപ്പില്‍ ലീഗ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം പരിഗണിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുസ്ലീം ലീഗിനെ പിണക്കില്ല. വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യും. ലീഗിനെ തെറ്റിക്കാന്‍ നോക്കണ്ടെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. രണ്ടുതവണ ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ലീഗില്‍ നിന്നു തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ലീഗിന് മൂന്നാം സീറ്റിനു അര്‍ഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ മുരളീധരനും പറഞ്ഞിരുന്നു.
രാഹുല്‍ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട്, അല്ലാത്തപക്ഷം കാസര്‍കോട്, ഇത് രണ്ടും അല്ലെങ്കില്‍ പിന്നെ വടകര, അല്ലേല്‍ കണ്ണൂര്‍ ഇതില്‍ ഏതെങ്കിലും അനുവദിക്കണം എന്നായിരുന്നു ലീഗ് നിലപാട്. എന്നാല്‍, സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. ഇങ്ങനെ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലീഗിനെ പിണക്കില്ലെന്നും വിട്ടുവീഴ്ച ചെയ്യാമെന്നും പറഞ്ഞ് കെ സുധാകരന്‍ തന്നെ രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page