പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. ഇടുക്കി കമ്പംമേട് സ്വദേശി ജയപ്രകാശ് (സഞ്ചു) ആണ് അറസ്റ്റിലായത്. ഇയാളാണ് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിരവധി പേര്‍ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതികളായ 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേർ അറസ്റ്റിലായി. ഇന്‍സ്റ്റഗ്രാം വഴി താന്‍ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാള്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് തന്റെ ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. താന്‍ പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി മൊഴി നല്‍കി. തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രതികള്‍ പ്രചരിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതോടെ കുടുംബാംഗങ്ങള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളില്‍ ഒരാള്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആളാണെന്നും സൂചനയുണ്ട്.