ലണ്ടൻ: മക്കൾക്ക് വിഷാംശമുളള രാസവസ്തു നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നേഴ്‌സിനെ ബ്രിട്ടനിൽ പൊലീസ് പിടികൂടി. പതിമൂന്നും എട്ടും വയസുളള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലുമോൾ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് അവധിക്ക് നാട്ടിലേക്ക് പോയപ്പോഴാണ് കുട്ടികൾക്ക് വിഷം നൽകിയത്. വിഷം അകത്തുചെന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. യുവതിയെ അറസ്റ്റുചെയ്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കി. ബ്രൈറ്റൺ മജിസ്ട്രേറ്റ് കോടതി ജിലുവിനെ റിമാൻഡ് ചെയ്തു. ജിലുവിനെതിരെ ആത്മഹത്യ ശ്രമത്തിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തു. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും.