ഉത്തരാഖണ്ഡ്: പൊലീസുകാരെ തീവച്ചുകൊലപ്പെടുത്താന്‍ ഒരുസംഘം നടത്തിയ ശ്രമത്തില്‍ നാലുപേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നിരവധി കെട്ടിടങ്ങള്‍ക്ക് കേട് പാട് സംഭവിച്ചു. നൈനിത്താള്‍ ജില്ലയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയിലാണ് അക്രമങ്ങളുണ്ടായത്. ഉത്തരഖണ്ഡ് നിയമസഭ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ നൈനിറ്റാളിലെ ഹല്‍ദ്വാനി ടൗണിലെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത മദ്രസയും പള്ളിയും നീക്കം ചെയ്യാന്‍ പോയ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്‌ക്വാഡിനെയും പൊലീസിനെയും ഒരു സംഘം അക്രമിക്കുകയായിരുന്നു. ജനക്കൂട്ടം പൊലീസുകാരെ ജീവനോടെ തീവക്കാന്‍ ശ്രമിച്ചതായി ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വന്ദന സിംഗ് പറഞ്ഞു. ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കലാപകാരികള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കയ്യേറ്റ വിരുദ്ധ സ്‌ക്വാഡ്, ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷനിലെ മാലിക്-ക-ബഗീച്ച പ്രദേശത്ത് അനധികൃതമായി നിര്‍മ്മിച്ച മദ്രസയും പള്ളിയും പൊളിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് സംഭവം. ഇതിനിടയില്‍ തടിച്ചുകൂടിയ സംഘം പൊലീസിനെ കല്ലെറിഞ്ഞു. തുടര്‍ന്ന് പെട്രോള്‍ ബോംബ് എറിഞ്ഞതോടെ പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചു. കയ്യേറ്റ സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഇതിനിടയില്‍ സംഘര്‍ഷ സ്ഥലത്തുനിന്ന് പിന്മാറിയ ആള്‍ക്കൂട്ടം ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷനടുത്തേക്ക് നീങ്ങുകയും സ്റ്റേഷന്‍ കത്തിക്കുകയും ചെയ്യുകയായിരുന്നു. തീയിലും പുകയിലും പെട്ട് സ്റ്റേഷനുള്ളിലുണ്ടായിരുന്ന 4 പൊലീസുകാര്‍ മരിച്ചു. തീവപ്പിന് ശേഷം സ്റ്റേഷന് നിറയൊഴിക്കുകയും ചെയ്തതായി പറയുന്നു. തുടര്‍ന്ന് അക്രമി സംഘം സ്റ്റേഷന്‍ പരിസരത്തും ടൗണിലും പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തിച്ചു. തെരുവിലും അക്രമം അഴിച്ചുവിട്ടു. തൊട്ടടുത്ത ഗാന്ധി നഗര്‍ കോളനിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തതായി പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അക്രമത്തില്‍ പങ്കെടുത്ത15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെ പിടികൂടുന്നതിന് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ആ നീക്കം തടഞ്ഞു. അടുത്തിടെ ഹൈക്കോടതി അനധികൃത കയ്യേറ്റം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.