കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി. സഹോദരന്റെ ഭീഷണി കാരണമാണ് നാട് വിട്ടതെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുമ്പ് കാണാതായ ധര്‍മ്മത്തടുക്കയിലെ ജോണ്‍ ഡിസൂസ (60) തിങ്കളാഴ്ചയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ കീഴടങ്ങിയത്. സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ ഇളയച്ഛന്റെ മകന്‍ ജോര്‍ജില്‍ നിന്ന് ഭീഷണി ഉണ്ടെന്നും ഇതിന്മേലുള്ള ഭയം കാരണമാണ് സ്‌കൂട്ടറും മൊബൈല്‍ ഫോണും റോഡരികില്‍ ഉപേക്ഷിച്ച് മംഗളൂരുവിലേക്ക് പോയതെന്നും ജോണ്‍ ഡിസൂസ കോടതിയില്‍ പറഞ്ഞു. ഇയാളെ പിന്നീട് വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.