സാമൂഹ്യ പെൻഷൻ കൂട്ടിയില്ല; മദ്യവില കൂടും, കോടതി ഫീസ് നിരക്കും വർധിപ്പിച്ചു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും അടിമുടി സ്വകാര്യ നിക്ഷേപത്തിനു വഴി തുറന്നും സംസ്ഥാന ബജറ്റ്. ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ധനമന്ത്രിയുടെ ബജറ്റ് അവതരണം. സാമൂഹ്യ സുരക്ഷാ പെൻഷൻ ക്ഷേമ പെന്‍ഷൻ തുക വര്‍ധിപ്പിച്ചില്ല. ക്ഷേമ പെൻഷനിൽ മാറ്റമില്ല. ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷനിൽ വർധന ഉണ്ടാകുമെന്ന് നേരത്തെ എൽഡിഎഫ് ഉറപ്പ് നൽകിയിരുന്നു. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും. ഇതിനുപുറമെ കോടതി ഫീസ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു. മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും. സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യ നിക്ഷേപം ഉറപ്പുവരുത്തും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. 1963 മുതൽ വൈദ്യുതി സ്വന്തമായി ഉൽപ്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസയായിരുന്നു ചുമത്തിയിരുന്നത്. ഇത് യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. 24 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
കാര്‍ഷിക മേഖലയ്ക്കായി 1698.30 കോടി വകയിരുത്തി സംസ്ഥാന സര്‍ക്കാരിന്റെ 2024-25ലെ ബജറ്റ്. ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നാളികേര വികസനത്തിന് 65 കോടി രൂപയും നെല്ല് ഉല്‍പാദനത്തിന് 93.6 കോടി രൂപയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി രൂപയും വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് രണ്ട് കോടി രൂപയും വകയിരുത്തി. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടിയതായും ബജറ്റ് അവതരണത്തില്‍ കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സഹായം തേടിയിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും റബ്ബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 ആയി വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. കോട്ടയത്ത് 250 കോടി രൂപ ചെലവില്‍ റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക സര്‍വ്വകലാശാലയ്ക്കായി 75കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ക്ഷീരവികസനത്തിന് 150.25 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മൃഗപരിപാലനത്തിന് 535.9 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറിക്ക് 78 കോടി രൂപയും സുഗന്ധവ്യഞ്ജന കൃഷിക്ക് 4.6 കോടിയും വകയിരുത്തിയിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page