വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; എസ്ഡിപിഐ പഞ്ചായത്ത് അംഗം അടക്കം 4 പേർ അറസ്റ്റിൽ

ആലപ്പുഴ: രൺജീത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്‌ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‌ത കേസിൽ നാലു പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീർ മോൻ(42), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയിൽ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ(36) എന്നിവരാണ് അറസ്റ്റിലായത്. രാവിലെ തന്നെ അറസ്‌റ്റിലായ നസീറിനെ റിമാൻഡ് ചെയ്തു.
കലാപാഹ്വാനത്തിനാണു ആലപ്പുഴ സൗത്ത് പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും പ്രസ്താവനകളും പോസ്റ്റു ചെയ്തെന്ന കേസിൽ 13 ഓളം പേർക്കെതിരെ അന്വേഷണം നടത്തിയതിൽ ജില്ലയിൽ 5 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു കേസുകളിലെ പ്രതികളെയാണ് അറസ്റ്റ‌് ചെയ്തത്. കേസ്സുകളുടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
രൺജിത് ശ്രീനിവാസൻ വധക്കേസിൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ശ്രീദേവി 15 പ്രതികൾക്കും വധശിക്ഷയാണ് ജഡ്ജി വിധിച്ചിരുന്നത്. വധശിക്ഷക്കുപുറമെ പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷ വിധിച്ചത്.
2021 ഡിസംബർ 19ന് പുലർച്ചയാണ് ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ വീട്ടിൽ കയറി മാതാവിന്‍റെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page