കോഴിക്കോട്: ഒരുകാലത്ത് ഉള്ളിയായിരുന്നു വിലക്കയറ്റം കൊണ്ട് ജനങ്ങളെ കരയിച്ചതു. ഇപ്പോഴിതാ വെളുത്തുള്ളി വിലയും കുത്തനെ കുതിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് വെളുത്തുള്ളിക്ക് കൂടിയത് കിലോക്ക് നൂറു രൂപ. നിലവില്‍ ഒരു കിലോ വെളുത്തുള്ളിയുടെ വില കിലോക്ക് 500 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ മൂന്നാം വാരത്തില്‍ 270 രൂപയായിരുന്ന വെളുത്തുള്ളിവില ജനുവരി മൂന്നാം വാരം ആയപ്പോള്‍ 470 രൂപയായി കുത്തനെ കുതിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ വില കിലോക്ക് 500 ആയി. നിലവില്‍ പലയിടങ്ങളിലും നൂറു ഗ്രാമിന് 44 മുതല്‍ 47 രൂപയാണ് വില. വന്‍കിട ഭക്ഷ്യോല്‍പ്പന്ന കമ്പനികളും മരുന്നുനിര്‍മാതാക്കളും മൊത്തവില്‍പ്പന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് വന്‍തോതില്‍ വെളുത്തുള്ളി ശേഖരിക്കുന്നതും വില കുത്തനെ കൂടാന്‍ കാരണമായി. പ്രധാനമായും രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്. ഹിമാചലില്‍ നിന്നും വരുന്നതാകട്ടെ പച്ച ഉള്ളിയാണ് എത്തുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞതോടെ ഇവിടെ വില കൂടാന്‍ അത് കാരണമാക്കി. മിക്കയിടങ്ങളിലും നിന്നും വന്‍കിട ഭക്ഷ്യ സംസ്‌കരണസ്ഥാപനങ്ങളും മരുന്നുകമ്പനികളും നേരിട്ടെത്തി വെളുത്തുള്ളി വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് കാരണമാക്കി. വില കൂടിയതോടെ കേരളത്തില്‍ വെളുത്തുള്ളിയുടെ വില്‍പ്പനയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട എന്നിവിടങ്ങളിലും വെളുത്തുള്ളി കൃഷിയുണ്ട്.